back to top
Thursday, March 20, 2025
Google search engine
HomeLatest Newsഇന്ത്യക്കാരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് വെളിപ്പെടുത്തൽ

ഇന്ത്യക്കാരെ കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് വെളിപ്പെടുത്തൽ

ദില്ലി: കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ. അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ ജസ്പാൽ സിങ് പറഞ്ഞു. അതേസമയം വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഇന്ത്യക്കാരുടേതല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36കാരനായ ജസ്പാൽ സിങ്. അമൃത്സറിൽ ഇറങ്ങിയതിന് ശേഷം മാത്രമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്ന് ജസ്പാൽ പറഞ്ഞു. 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 104 ഇന്ത്യക്കാരുമാണ് യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപ് സ്വന്തം ശക്തി കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിമർശനം. അത് ഇന്ത്യ വകവച്ചു കൊടുക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം. 

അതേസമയം അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞു. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്ന് കേന്ദ്ര സ‍ർക്കാ‍രിന് കീഴിൽ പ്രവ‍ർത്തിക്കുന്ന പിഐബി വിശദീകരിച്ചു. 

ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്. അമേരിക്ക – മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂ‍ർ യാത്ര ചെയ്ത ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments