Wednesday, February 8, 2023
spot_img
HomeFeaturesസ്വർണത്തിൽ നിർമിച്ചതും ആകർഷകമായ വാസ്തുവിദ്യയും: വിസ്മയിപ്പിക്കും ഈ ക്ഷേത്രങ്ങള്‍

സ്വർണത്തിൽ നിർമിച്ചതും ആകർഷകമായ വാസ്തുവിദ്യയും: വിസ്മയിപ്പിക്കും ഈ ക്ഷേത്രങ്ങള്‍

130 കോടിയിലധികം വരുന്ന ജനത അധിവസിക്കുന്ന നാടായ ഭാരതം, വിവിധ ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത വിശ്വാസങ്ങൾ വച്ച് പുലർത്തുന്ന, വൈവിധ്യമാർന്ന സംസ്കാരവും മതങ്ങളും ഇഴചേർന്ന പല പല കാഴ്ചകളുടെ ഒരു സങ്കരമാണ്. ഇസ്ലാം, ബുദ്ധമതം, ക്രിസ്തുമതം, സിഖ് മതം, ജൈന മതം, വിവിധ ഗോത്ര വിശ്വാസങ്ങൾ തുടങ്ങി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒമ്പതോളം മതങ്ങൾ രാജ്യത്തുണ്ട്.  ഇന്ത്യയിലെ ജനതയിൽ 80 ശതമാനത്തോളം പേർ ഹിന്ദു മതവിശ്വാസങ്ങൾ പിന്തുടരുന്നവരാണ്.

14 ശതമാനം പേർ ഇസ്ലാം മതത്തിലും വിശ്വസിക്കുന്നു. രാജ്യത്തെ ഒരു പ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങളെ കാണാം. പഞ്ചാബിലാകട്ടെ ജനതയിലെ സിംഹഭാഗവും സിഖ് മതസ്ഥരാണ്. ഇത്രയധികം മതങ്ങളും ഉപവിഭാഗങ്ങളും ഉള്ളതുകൊണ്ട് തന്നെ ധാരാളം ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. വളരെ വ്യത്യസ്തമായ രൂപഘടനയും ആകർഷകമായ വാസ്തുവിദ്യാ ചാതുരിയും പ്രകടമാക്കുന്ന ഈ ആരാധനാലയങ്ങൾക്കു സംവത്സരങ്ങളുടെ പഴക്കം പറയാനുണ്ട്. നിർമാണ വൈദഗ്ധ്യം കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിലേക്ക് യാത്ര പോകാം.

വൈഷ്ണോ ദേവി ക്ഷേത്രം

സമുദ്രനിരപ്പിൽ നിന്നും 5300 അടി മുകളിൽ, ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിലെ കാത്രയിലാണ് വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 8000000 ത്തോളം തീർത്ഥാടകരാണ് ഓരോ വർഷവും ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. 12 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താൽ മാത്രമേ ലക്ഷ്യ സ്ഥാനത്തു എത്തുകയുള്ളൂ, ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ അത്രയും ദൂരം താണ്ടണമെങ്കിൽ 6 മണിക്കൂർ സമയമെടുക്കും. 

Mata Vaishno Devi temple- Nilutpal Bora/shutterstock

വഴിയരികിൽ വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെ സൗകര്യങ്ങളുണ്ട്. പ്രായമായവർക്കും പരിക്കുകൾ മൂലം നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും കുതിരപ്പുറത്തു കയറിയോ ഹെലികോപ്റ്ററിലോ മുകളിലെത്താം. ഇടതൂർന്ന വനങ്ങളും മലകളുമൊക്കെ ചുറ്റപ്പെട്ട പ്രദേശമാണിത്. പച്ചപ്പിനെ മഞ്ഞിന്റെ വെളുത്ത പുതപ്പ് മൂടിയിരിക്കുന്ന അതിമനോഹര കാഴ്‌ചയാണ്‌ ഇവിടെയെത്തുന്ന അതിഥികൾക്കായി കാത്ര കാത്തുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും ഏകദേശം 1.5 കിലോമീറ്റർ മലഞ്ചെരിവിലൂടെ കേബിൾ കാറിൽ യാത്ര ചെയ്താൽ ഭൈരവ് ബാബ എന്ന മറ്റൊരു ആരാധനാലയത്തിലും എത്താവുന്നതാണ്.   

സുവർണ ക്ഷേത്രം 

സിഖ് മതസ്ഥരുടെ ഒരു പ്രധാനപ്പെട്ട ദേവാലയമാണ് സുവർണക്ഷേത്രം. പഞ്ചാബിലെ അമൃത്‌സറിലാണിത് സ്ഥിതി ചെയ്യുന്നത്. മുഗൾ വാസ്തുവിദ്യാ ശൈലിയിൽ പണിതീർത്തിരിക്കുന്ന ക്ഷേത്രം ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരു പുണ്യയിടമാണ്. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വർണ നിറം പൂശിയും ശുദ്ധമായ സ്വർണത്തിൽ നിർമിച്ചിരിക്കുന്നതും കൊണ്ടാണ് സുവർണ ക്ഷേത്രമെന്ന പേര് കൈവന്നത്. 

Amritsar, Punjab- Tingling1/shutterstock

പതിനാറാം നൂറ്റാണ്ടിൽ പണിത ഈ വിസ്മയം, ധാരാളം കലാശില്പങ്ങൾ കൊണ്ടും ചുവർചിത്രങ്ങൾ കൊണ്ടും സമ്പന്നമാണ്. തറയിലും ചുവരിലും പതിച്ചിരിക്കുന്ന ടൈലുകളും കാഴ്ചയിൽ അതിവിശിഷ്ടമാണ്. സുവർണ ക്ഷേത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, ഇവിടുത്തെ പാചകപ്പുരയാണ്. വിശക്കുന്ന ഏതൊരാൾക്കും ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാവുന്നതാണ്. ദിവസവും 100000 ത്തിലധികം  പേർക്കാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും സൗജന്യമായി ഭക്ഷണം നൽകുന്നതുമായ അടുക്കള സുവർണ ക്ഷേത്രത്തിന്റേതാണ്.

തിരുമല തിരുപ്പതി ബാലാജി ക്ഷേത്രം

TIRUMALA-CRS PHOTO/shutterstock

ഒരു വർഷം ഏകദേശം 4000000 തീർത്ഥാടകരെത്തുന്ന ആന്ധ്ര പ്രദേശിലെ അതിപ്രശസ്തമായ ക്ഷേത്രമാണ് തിരുപ്പതി. നാലാം നൂറ്റാണ്ടിൽ നിർമിച്ചെതെന്നു കരുതപ്പെടുന്ന ഈ ആരാധനാലയം ദ്രാവിഡ ഹൈന്ദവ ക്ഷേത്രങ്ങളുടെ ശൈലിയിലാണ്. നിരവധി ശിലാലിഖിതങ്ങളും ചെമ്പു ഫലകങ്ങളിൽ എഴുതപ്പെട്ട കൃതികളും ഇവിടെ കാണാം. അകത്തും പുറത്തുമുള്ള ചുവരുകളിൽ ധാരാളം ചുവർചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. 1.5  ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കുളവും സ്വർണത്തിൽ തീർത്ത ഗോപുരങ്ങളുമൊക്കെ ക്ഷേത്രത്തിനു ചുറ്റുമുണ്ട്. അമ്പലത്തിലെത്തുന്ന ഭക്തരിലേറെപ്പേരും തലമുണ്ഡനം ചെയ്യുന്ന പതിവുണ്ട്. ഓൺലൈൻ ആയി ദർശനത്തിനു ബുക്ക് ചെയ്യാവുന്നതാണ്. 

സ്വാമിനാരായൺ അക്ഷർധാം

ഇന്ത്യൻ വാസ്തുവിദ്യയുടെ മകുടോദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ക്ഷേത്രമാണ് സ്വാമിനാരായൺ അക്ഷർധാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമാണിത്. പുരാതനമെന്നു തോന്നുമെങ്കിലും 2005 ലാണ് ഇതിന്റെ ഘടനയനുസരിച്ചു നിർമാണം പൂർത്തിയാക്കിയത്. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം, 11000 കരകൗശല വിദഗ്ധരും തൊഴിലാളികളും അഞ്ചു വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. 

പിങ്ക് നിറത്തിലുള്ള രാജസ്ഥാനി ചരൽക്കല്ലുകൾ, ഇറ്റാലിയൻ മാർബിൾ തുടങ്ങിയവ പോലുള്ള വസ്തുക്കളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്തത്രയും ഗംഭീരമാണ് നിർമാണ ചാതുര്യം. പ്രധാന ക്ഷേത്രത്തിനു 141 അടി ഉയരമുണ്ട്. മന്ദിരമെന്നു അറിയപ്പെടുന്ന ഈ ഭാഗത്തു ഒമ്പതു താഴികക്കുടങ്ങളും നൂറുകണക്കിനു കൊത്തുപണികളും യഥാർത്ഥ വലുപ്പത്തിലുള്ള കല്ലിൽ തീർത്ത ആനകളെയും കാണാം. നൂറുകണക്കിന് വർഷങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും 60 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഉദ്യാനവും ആകർഷകമായ നിരവധി കാഴ്ചകളുമൊക്കെ ക്ഷേത്രത്തെ സഞ്ചാരികളുടെ പ്രിയയിടമാക്കി മാറ്റുന്നു.

ലോട്ടസ് ടെംപിൾ

ന്യൂ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വിസ്മയ കാഴ്ചയാണ് ലോട്ടസ് ടെംപിൾ. 1986 ൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്രം, ബഹായി മതവിശ്വാസികളുടെ ഏഴ് ആരാധനാലയങ്ങളിൽ ഒന്നാണ്. ഇൻഡോ – അമേരിക്കൻ ആർക്കിടെക്റ്റായ ഫാരിബോർസ് സഹ്ബ ആണ് രൂപകല്പനയ്ക്കു പുറകിൽ.  ദൈവികതയുടെയും വിശുദ്ധിയുടെയും പ്രതീകമെന്നു വിശ്വസിക്കുന്ന പുഷ്പമാണ് താമര. അത്തരത്തിൽ  27 ദളങ്ങൾ ചേർന്ന താമരപ്പൂവ് പോലെയാണ് ക്ഷേത്രഘടന.  ബഹായികളുടെ വിശ്വാസ പ്രകാരം ഒമ്പതു എന്ന സംഖ്യ ഐക്യത്തെ സൂചിപ്പിക്കുന്നതുകൊണ്ടുതന്നെ ക്ഷേത്രത്തിനു ഒമ്പതു വശങ്ങളാണ് ഉള്ളത്, കൂടാതെ ഒമ്പതുകുളങ്ങളും ഇവിടെ കാണാവുന്നതാണ്. പതിനായിരത്തിലധികം പേരാണ് ഓരോ ദിവസവും ഇവിടെ സന്ദർശനത്തിനായി എത്തുന്നത്.

മഹാബോധി ക്ഷേത്രം

Mahabodhi temple

ബുദ്ധമതസ്ഥരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് ബിഹാറിലെ ബോധ് ഗയയിൽ സ്ഥിതി ചെയ്യുന്ന മഹാബോധി ക്ഷേത്രം. ബുദ്ധൻ ധ്യാനനിരതനായി ഇരുന്ന വൃക്ഷം നിന്നിരുന്നത് ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധിയാളുകളിൽ വർഷാവർഷം ഇവിടെയെത്തി ചേരാറുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ പുതുക്കി പണിത ഈ നിർമിതി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

11.9 ഏക്കറിലാണ് മഹാബോധിക്ഷേത്രം നിലകൊള്ളുന്നത്. വെള്ളയും പിങ്കും നിറത്തിലുള്ള മണൽക്കല്ലുകളുടെ മനോഹാരിതയും അതിശയിപ്പിക്കുന്ന കൊത്തുപണികളും പ്രധാന ആകർഷകങ്ങളാണ്. 180 അടി ഉയരത്തിലായി നിലകൊള്ളുന്ന ഇഷ്ടികയിൽ നിർമിച്ച സ്തൂപം ക്ഷേത്രത്തിന്റെ പ്രൗഢമുഖമായി നിലകൊള്ളുന്നുണ്ട് ഇവിടെ. ഗൗതമ ബുദ്ധൻ ധ്യാനിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ബോധി വൃക്ഷം ഇപ്പോൾ അവിടെ കാണുവാൻ കഴിയുകയില്ല. പകരം അതേ വൃക്ഷത്തിന്റെ പിൻതലമുറയിൽപ്പെട്ട ഒരെണ്ണം ഇപ്പോഴും ക്ഷേത്രാങ്കണത്തിലുണ്ട്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments