തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രണ്ടാംഘട്ട നിർമാണത്തിലേക്ക് കടക്കുന്നതിനിടെ വിവിധ മേഖലകളിൽ 6250 കോടി രൂപയുടെ നിക്ഷേപത്തിന് രാജ്യാന്തര കമ്പനികൾ. ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോൺക്ലേവിൽ ഉയർന്ന നിക്ഷേപ വാഗ്‌ദാനങ്ങൾ ഇൻവെസ്‌റ്റ് കേരളയിൽ താൽപര്യപത്രമായി മാറി. 50 മുതൽ 5000 കോടിയുടെ വരെ പദ്ധതികൾക്കാണ് 12 കമ്പനികൾ തയ്യാറായത്. വിഴിഞ്ഞം ആഭ്യന്തര കാർഗോയുടെ പ്രവർത്തനം തുടങ്ങുന്ന മുറയ്‌ക്ക് ഈ കമ്പനികളുടെ പ്രവർത്തനത്തിനും തുടക്കമാകും.
ദുബായ് കേന്ദ്രമായുള്ള ഷെറഫ് ഗ്രൂപ്പിന്റെ ഇൻലാൻഡ് കണ്ടെയ്‌നർ ടെർമിനലാണ് നിലവിൽ ഏറ്റവും കൂടുതൽ നിക്ഷേപ വാഗ്‌ദാനമുള്ള പദ്ധതി. 5,000 കോടിയുടെ ഈ പദ്ധതി സർക്കാരിൽനിന്ന് സ്ഥലം ലഭ്യമാകുന്ന മുറയ്‌ക്ക് നിർമാണം ആരംഭിക്കും.
പ്രൈവറ്റ് റെയിൽ ടെർമിനലിനായി മെഡ്‌ലോക് കമ്പനി 300 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനമാണ് മുന്നോട്ടുവച്ചത്. കെറി ഇൻഡേവ് (200 കോടി), രാജാ ഏജൻസീസ് (50 കോടി), ഹിന്ദ് ടെർമിനൽ (200 കോടി), മെർക്കന്റൈൽ ലോജിസ്‌റ്റിക്‌സ് (150 കോടി) എന്നീ കമ്പനികൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്‌റ്റേഷനുകളാണ് വിഴിഞ്ഞത്തോടനുബന്ധിച്ച് സ്ഥാപിക്കുക. ഭവാനി ഗ്രൂപ്പ് കണ്ടെയ്‌നർ ഡിപ്പോയ്‌ക്കുവേണ്ടി 100 കോടി നിക്ഷേപ വാഗ്‌ദാനം ചെയ്‌തു. ട്രാൻപോർട്ട് സൊല്യൂഷൻ പ്രൊവൈഡർമാരായ നിഷ റോഡ് വേയ്‌സും (50 കോടി) വിഴിഞ്ഞത്ത് നിക്ഷേപത്തിന് തയ്യാറായി. സംവേദ, സത്വ എന്നീ കമ്പനികളാണ് വെയർഹൗസുകളിൽ നിക്ഷേപം നടത്തുക. ഇരുകമ്പനികളും 50 കോടി രൂപയുടെ വീതം നിക്ഷേപിക്കും. ലഷാകോ, ഗോൾഡൺ ഹോൺ കണ്ടെയ്‌നർ സർവീസസ് എന്നീ കമ്പനികൾ ചില്ലിങ് യൂണിറ്റുകളിലും 50 കോടിയുടെ വീതം നിക്ഷേപം നടത്തും.