ഇന്ത്യക്കു വീണ്ടും മെഡല്‍,ഗുസ്തിയില്‍ ബജ്‌രംഗ് പുനിയക്കു വെങ്കലം

തികച്ചും ഏകപക്ഷീയമായിരുന്നു മല്‍സരം. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും എതിരാളിക്കു തിരിച്ചടിക്കാന്‍ പുനിയ അവസരം നല്‍കിയില്ല

ഇന്ത്യക്കു വീണ്ടും മെഡല്‍,ഗുസ്തിയില്‍ ബജ്‌രംഗ് പുനിയക്കു വെങ്കലം

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു മറ്റൊരു മെഡല്‍ കൂടി. പുരുഷന്‍മാരുടം 65 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌രംഗ് പുനിയയാണ് രാജത്തിനു വെങ്കല മെഡല്‍ സമ്മാനിച്ചത്. വെങ്കല മെഡിനായുള്ള മല്‍സരത്തില്‍ കസാക്കിസ്താന്‍ താരം ദൗലത്ത് നിയാസ്‌ബെക്കോവിനെ പുനിയ പരാജയപ്പെടുത്തുകയായിരുന്നു. 8-0നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

തികച്ചും ഏകപക്ഷീയമായിരുന്നു മല്‍സരം. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും എതിരാളിക്കു തിരിച്ചടിക്കാന്‍ പുനിയ അവസരം നല്‍കിയില്ല. 2-0ന് അക്കൗണ്ട് തുറന്ന അദ്ദേഹം പിന്നീട് ഇതു 4-0, 6-0 എന്നിങ്ങനെ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 8-0ന്റെ വിജയവുമായി മെഡലും പിടിച്ചെടുത്തു.

ഈ ഗെയിംസില്‍ ഇന്ത്യയുടെ ആറാമത്തെ മെഡല്‍ നേട്ടം കൂടിയാണിത്. ഇതോടെ ഒളിംപിക്‌സില്‍ തങ്ങളുടെ ഏറ്റവും വലിയ നേട്ടത്തിന് ഒപ്പമെത്താനും ഇന്ത്യക്കു കഴിഞ്ഞു. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും ഇന്ത്യ ആറു മെഡല്‍ നേടിയിരുന്നു.

അവസാനമായി റഷ്യയില്‍ നടന്ന ഒരു പ്രാദേശിക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നിയാസ്‌ബെക്കോവിനെ പുനിയ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2019ലെ ലോക ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പുനിയക്കെതിരേ വിജയം കൊയ്യാന്‍ കസാക്കിസ്താന്‍ താരത്തിനായിരുന്നു. അന്നത്തെ മല്‍സരം ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

നേരത്തേ സെമി ഫൈനലില്‍ അസെര്‍ബെയ്ജാന്‍ താരം ഹാജി അലിയേവിനോടു പുനിയ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് വെങ്കല മെഡലിനു വേണ്ടി അദ്ദേഹത്തിനു മല്‍സരിക്കേണ്ടി വന്നത്. കാല്‍മുട്ടിലെ പരിക്ക് പൂര്‍ണമായും ഭേദമാവാതെയായിരുന്നു പുനിയ ടോക്കിയോയിലെത്തിയത്. ഇതുവരെ നടന്ന മല്‍സരങ്ങളില്ലൊം ഇതിന്റെ അസ്വസ്ഥതകള്‍ താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ യഥാര്‍ഥ മികവിലേക്കുയരാന്‍ പൂനിയക്കു കഴിഞ്ഞിരുന്നില്ല.

ഇത്തവണത്തെ ഗെയിംസില്‍ ആദ്യ റൗണ്ടില്‍ എര്‍നസര്‍ അക്മതലിയേവിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു പുനിയയുടെ തുടക്കം. അടുത്ത റൗണ്ടില്‍ മൊര്‍ത്തസ ഗിയാസിയെയും പരാജയപ്പെടുത്തി അദ്ദേഹം സെമി ഫൈനലിലേക്കു മുന്നേറുകയായിരുന്നു. പക്ഷെ സെമിയില്‍ പുനിയക്കു പിഴയ്ക്കുകയായിരുന്നു.