മുകേഷ് ഉപദ്രവിക്കുന്ന ക്രൂരൻ,താനുമായുളള വിവാഹം വേർപെടുത്തിയിട്ടില്ല;സരിത 

ലോകത്ത് മറ്റൊരു സ്ത്രീയും തന്നെ പോലെ ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല.

മുകേഷ് ഉപദ്രവിക്കുന്ന ക്രൂരൻ,താനുമായുളള വിവാഹം വേർപെടുത്തിയിട്ടില്ല;സരിത 

ദുബായ്: വ്യക്തിപരമായ കാരണങ്ങളാല്‍ നടനും കൊല്ലം എംഎല്‍എയുമായ മുകേഷുമായുളള വിവാഹബന്ധം വേര്‍പെടുത്തുകയാണ് എന്ന് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക വ്യക്തമാക്കിയിരിക്കുകയാണ്. മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ച കാര്യവും മേതില്‍ ദേവിക മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.മുകേഷിന്റെ രണ്ടാം വിവാഹ മോചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകവേ ആദ്യ ഭാര്യയും അഭിനേതാവുമായ സരിത പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ സരിത മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച മുകേഷിന്റെയും സരിതയുടേയും പ്രണയ വിവാഹം ആയിരുന്നു. 1988 സെപ്റ്റംബര്‍ രണ്ടിന് ആണ് ഇവര്‍ വിവാഹിതരായത്. സരിതയുടേത് രണ്ടാം വിവാഹം ആയിരുന്നു. തെലുങ്ക് നടന്‍ വെങ്കട സുബ്ബയ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധം ഒരു വര്‍ഷം മാത്രമേ നീണ്ട് നിന്നുളളൂ. മുകേഷും സരിതയും 23 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2011ലാണ് വിവാഹ മോചിതരാകുന്നത്.ശ്രാവണ്‍, തേജസ് എന്നീ രണ്ട് ആണ്‍മക്കളാണ് ഈ ബന്ധത്തിലുളളത്. സംഗീത നാടക അക്കാദമിയിലെ പരിചയമാണ് മുകേഷും ദേവികയും തമ്മിലുളള വിവാഹത്തിലെത്തിയത്. 2013ല്‍ ആയിരുന്നു അത്. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു. ദേവികയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. 8 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും ഇപ്പോള്‍ വേര്‍പിരിയുന്നത്.

മുകേഷ്-മേതില്‍ ദേവിക വിവാഹ മോചന വാര്‍ത്തകളോട് ഇപ്പോള്‍ തനിക്കൊന്നും പ്രതികരിക്കാനില്ലെന്ന് സരിത വ്യക്തമാക്കി.താനുമായുളള വിവാഹം നിയമപരമായി വേര്‍പിരിയാതെ ആണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. അത് മാത്രമാണ് ഇപ്പോഴും പറയാനുളളത് എന്നും സരിത പറഞ്ഞു.2013ല്‍ മുകേഷ്-ദേവിക വിവാഹ സമയത്തും സരിത ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങള്‍ തമ്മിലുളള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് സരിത അന്ന് പറഞ്ഞത്. തന്റെ വിവാഹ ബന്ധം നിയമപരമായി നിലനില്‍ക്കേ തന്നെ മുകേഷ് രണ്ടാം വിവാഹം കഴിച്ചു എന്നത് ഞെട്ടിച്ചുവെന്നും സരിത അന്ന് പ്രതികരിച്ചിരുന്നു.

പിന്നീട് 2016ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മുകേഷ് മത്സരിക്കുന്ന സമയത്ത് ഗാര്‍ഹിക പീഡനം അടക്കമുളള ആരോപണങ്ങള്‍ ഉന്നയിച്ചും സരിത രംഗത്ത് വരികയുണ്ടായി. ദുബായില്‍ പത്രസമ്മേളനം വിളിച്ചാണ് മുകേഷിനെതിരെ അന്ന് സരിത ആഞ്ഞടിച്ചത്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, ഉപദ്രവിക്കുന്ന ക്രൂരനാണ് മുകേഷ് എന്ന് സരിത ആരോപിച്ചു. വിവാഹം കഴിഞ്ഞത് മുതല്‍ തന്നെ ദ്രോഹിക്കുകയാണെന്നും സരിത ആരോപിച്ചു.തന്നെ മാനസികമായും ശാരീരികമായും മുകേഷ് പീഡിപ്പിച്ചുവെന്നും മുകേഷും സഹോദരിയും പണത്തോട് ആര്‍ത്തി ഉളളവരാണ് എന്നും സരിത ആരോപിച്ചു. മക്കളെ നോക്കുന്നതിന് സഹോദരിക്ക് ശമ്പളം കൊടുക്കാന്‍ മുകേഷ് ആവശ്യപ്പെട്ടു. മുകേഷിന്റെ അച്ഛന്‍ ഒ മാധവനോടുളള ബഹുമാനം മൂലം മാത്രമാണ് ആദ്യമൊക്കെ താന്‍ മൗനം പാലിച്ചത് എന്നും സരിത പറയുകയുണ്ടായി.

മക്കളെ താന്‍ പഠിപ്പിച്ചത് ഡബ്ബിംഗ് ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചായിരുന്നു. കുട്ടികളുടെ പഠനത്തിന് അടക്കം സാമ്പത്തികമായോ മാനസികമായോ ഒരു പിന്തുണയും മുകേഷ് നല്‍കിയിരുന്നില്ല. തന്നെ മുകേഷ് ഉപദ്രവിക്കുമായിരുന്നുവെന്നും അത് മക്കള്‍ കാണാതിരിക്കാനാണ് അവരെ ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തത് എന്നും സരിത അന്ന് വെളിപ്പെടുത്തുകയുണ്ടായി.മുകേഷ് കടുത്ത മദ്യപാനി ആയിരുന്നുവെന്നും അന്യസ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു എന്നും സരിത ആരോപിച്ചു. ആ സ്ത്രീകള്‍ക്കെല്ലാം കുടുംബങ്ങള്‍ ഉളളത് കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും തന്നെ പോലെ ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷിനെതിരെ ഒരു വാര്‍ത്തയും വരാതിരിക്കാനുളള സ്വാധീനം കേരളത്തിലുണ്ട്. തന്റെ പാസ്‌പോര്‍ട്ടിലും വസ്തുവകകളുടെ രേഖകളിലും മുകേഷിന്റെ പേരുണ്ടെന്നും അന്ന് സരിത വെളിപ്പെടുത്തി.