നാസയുടെ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി,ദൗത്യം വിജയം

ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്

നാസയുടെ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി,ദൗത്യം വിജയം

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. 

ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ 
കൃത്യ സ്ഥലത്ത് ഇറക്കാൻ നിർണായകമായത്. ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്. 

അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തി‍ൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു.അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി.വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു.തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.

ഇറങ്ങുന്നതിനു 12 സെക്കൻഡ് മുൻപായി ‘സ്കൈ ക്രെയ്ൻ മനൂവർ’ ഘട്ടം തുടങ്ങി.റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി.തുടർന്ന് കേബിളുകൾ വേർപെട്ടു.ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്.അനുയോജ്യമായ സമയത്ത് ഇതു പറത്തും.

2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറൻസ്.സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.