ഐഎസിന്‍റെ ഖജനാവ് സൂക്ഷിപ്പുകാരനെ ഇറാഖ് സുരക്ഷാസേന പിടികൂടി

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ധനകാര്യ വിഭാഗം മേധാവിയായ സമി ജസീമിനെ ഇറാഖ് സുരക്ഷാസേന പിടികൂടി.

ഐഎസിന്‍റെ ഖജനാവ് സൂക്ഷിപ്പുകാരനെ ഇറാഖ് സുരക്ഷാസേന പിടികൂടി

ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ധനകാര്യ വിഭാഗം മേധാവിയായ സമി ജസീമിനെ ഇറാഖ് സുരക്ഷാസേന പിടികൂടി. വധിക്കപ്പെട്ട ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദി കഴിഞ്ഞാല്‍ പ്രധാനിയായ ജസീമിനെ രാജ്യത്തിനു പുറത്തുനിന്നാണു പിടികൂടിയതെന്ന് അറിയിച്ച ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

'തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താന്‍ ഇറാഖി സുരക്ഷാ സേന ശ്രദ്ധയൂന്നിയ നേരത്ത്, ഇറാഖി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിദേശത്തു നടത്തിയ അതിസാഹസികമായ ഓപ്പറേഷനിലൂടെ ഐസിസ് നേതാവ് സാമി ജാസിമിനെ ജീവനോടെ പിടികൂടി'- എന്ന ട്വീറ്റ് പങ്കുവച്ചാണ് പ്രധാമന്ത്രി വിവരം പുറത്ത് വിട്ടത്.

ഐഎസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വിശ്വസ്ഥനായ ഇയാള്‍ പല രാജ്യങ്ങളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹാജി ഹമീദ് എന്ന പേരിലും അറിയപ്പെടുന്ന ജസീമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അന്ന് യുഎസ് സേന 50 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. 2014 ല്‍ സിറിയയിലും ഇറാഖിലും ഒട്ടേറെ തന്ത്രപ്രധാനമായ മേഖലകള്‍ പിടിച്ചെടുത്തതോടെ, അനധികൃത എണ്ണ, വാതക വില്‍പനയിലൂടെയും പുരാവസ്തു ഇടപാടിലൂടെയും മറ്റും ഭീകരസംഘടനയ്ക്കാവശ്യമായ പണം സമാഹരിച്ചത് ജസീം ആയിരുന്നു.

സിറിയ അടക്കമുള്ള പ്രദേശങ്ങളിലെ ഐഎസിന്റെ എണ്ണസമ്ബത്ത് കൈകാര്യം ചെയ്തിരുന്നത് സമി ജാസിമായിരുന്നു. ഒന്നര ബില്യണ്‍ ഡോളര്‍ ഉണ്ടെന്ന് അമേരിക്ക കണക്കാക്കുന്ന ഐഎസിന്റെ സമ്ബത്ത് കൈകാര്യം ചെയ്തിരുന്ന ആളാണ് സാമി ജാസിം. 2014-ല്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനിന്ന് ഐഎസിന്റെ ഖജനാവ് സൂക്ഷിക്കുകയായിരുന്നു ഇയാള്‍. ഐഎസ് നടത്തുന്ന അനേകം തട്ടിക്കൊണ്ടുപോവലുകളുടെ സൂത്രധാരനും ഇയാളാണെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.