ന്യൂയോര്‍ക്ക്:ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള വഴി തെളിയുന്നു. വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ്. ആഴ്ചകളായി നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറുന്ന കാര്യത്തില്‍ സമയക്രമം വേണമെന്ന കാര്യം അംഗീകരിക്കാന്‍ ഹമാസ് തയ്യാറായതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ യഥാര്‍ഥ്യമാകാനുള്ള വഴി തെളിഞ്ഞത്.
കരാറിലേക്ക് എന്നത്തേക്കാളും കൂടുതല്‍ അടുത്തുവെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. അതേസമയം, കരാറിലെ വ്യവസ്ഥകളെ പറ്റി ഇപ്പോഴും ധാരണകളായിട്ടില്ല. ഹമാസുമായുള്ള യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്ന നിലയിലാണ് ഗാസ. ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും നശിച്ചു.
വെടിനിര്‍ത്തലിന് ഹമാസ് വഴങ്ങാന്‍ തയ്യാറായത് സഖ്യകക്ഷിയായ ലെബനനിലെ സായുധ സംഘടന ഹിസ്ബുള്ള ദുര്‍ബലമായതോടെയാണ്. ഇസ്രയേലുമായി ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. ഇതോടെ ഹമാസ് കൂടുതല്‍ ഒറ്റപ്പെട്ടു. യെമനിലെ ഹൂതി വിമതര്‍ക്ക് നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണം നടക്കുന്നതിനാലും ആയുധ, സാമ്പത്തിക സഹായം കുറഞ്ഞതും ഹമാസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിൻ്റെ കൂടെ സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതോടെ ഇറാനില്‍നിന്ന് കിട്ടിയിരുന്ന സഹായവും പഴയതുപോലെ ഹമാസിന് ലഭിക്കുന്നില്ല.
ഇക്കാരണങ്ങള്‍കൊണ്ട് ഹമാസ് ഏറെക്കുറെ ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പെട്ടെന്ന് യാഥാര്‍ഥ്യമാകാന്‍ വഴിതെളിഞ്ഞത്. ജനുവരി 20 ന് മുമ്പ് തന്നെ കരാര്‍ നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ഹമാസ് തടവിലാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കല്‍, പോരാട്ടം നിര്‍ത്തിവെക്കല്‍, ഇസ്രയേലിൻ്റെ ജയിലിലുള്ള പലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍, ഗാസയ്ക്കുള്ള സഹായം തുടങ്ങിയ കാര്യങ്ങളാകും കരാറിലുണ്ടാകുക.