മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തു: കാത്തിരിക്കുന്നത് മഹാപ്രളയം

ഇത് 2030 -ഓടെ കൊച്ചി, മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന തീരപ്രദേശ നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ഭയം.

മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തു: കാത്തിരിക്കുന്നത് മഹാപ്രളയം

കോപ്പന്‍ഹേഗന്‍: ചരിത്രത്തിലാദ്യമായി ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തു. ഇവിടെ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നെന്നാണ് യു എസ് സ്‌നോ ആന്‍ഡ് ഐസ് ഡേറ്റാ സെന്ററിന്റെ റിപ്പോര്‍ട്ട്. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ മഴയുടെ സാന്നിധ്യം മഞ്ഞുരുകുന്നതിന്റെ തോതുയര്‍ത്തും. ഇത് 2030 -ഓടെ കൊച്ചി, മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന തീരപ്രദേശ നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ഭയം.

അന്റാര്‍ട്ടിക്കയ്ക്ക് പുറത്ത് ഭൂമിയിലെ മറ്റെല്ലാ ഹിമപാളികളിലും ഉള്ളതിനേക്കാള്‍ നാലിരട്ടി മഞ്ഞാണ് ഗ്രീന്‍ലാന്‍ഡിലെ ഹിമപാളിയിലുള്ളത്. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയാണ് ഇത്. ഇവിടെ മഴപെയ്യുന്നത് താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദശകത്തിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുരുകിയത്. എല്ലാ വര്‍ഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാള്‍ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്.

പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്പംമാത്രം കുറവോ ആയ താമനില നില്‍ക്കുമ്‌ബോഴാണ് ഗ്രീന്‍ലാന്‍ഡില്‍ മഴ പെയ്യുക. 2,000 വര്‍ഷങ്ങള്‍ക്കിടെ താപനില പൂജ്യം ഡിഗ്രിയില്‍നിന്ന് ഉയര്‍ന്നത് ഒമ്ബത് തവണയാണ്. 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല. യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ 2100- ആകുമ്‌ബോഴേക്കും സമുദ്രനിരപ്പ് 10 മുതല്‍ 18 സെന്റിമീറ്റര്‍ ഉയരുന്നതിന് കാരണമാകും. അടുത്ത ഏതാനും ദശകങ്ങളില്‍ സമുദ്രനിരപ്പ് ഉയരുന്നതിന് മറ്റൊരു ഘടകവും ഇത്രമാത്രം സ്വാധീനമുണ്ടാക്കില്ല.

മിയാമി, ഷാങ്ഹായ്, ടോക്കിയോ, മുംബൈ, ലാഗോസ്, ബാങ്കോക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ മാറ്റങ്ങള്‍. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ജനസാന്ദ്രതയുള്ള ഇടങ്ങളിലും കടുത്ത കാലാവസ്ഥാ പ്രതിസന്ധിയിലേക്കാണ് ഇത് ലക്ഷ്യംവയ്ക്കുന്നത്. 2030 ആകുമ്‌ബോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോരനഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.