തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാലാണ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.
ജയിലിൽ ബോബിയെ കാണാൻ വിഐപികൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയിൽ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒരു തൃശൂര്‍ സ്വദേശി ഉൾപ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.