കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദളിതരുടെ അവകാശങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു അദ്ദേഹം.
1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവിൽ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശ സമിതി എന്നീ സംഘടനകൾ രൂപീകരിക്കാൻ നേതൃത്വം നൽകി. സീഡിയൻ എന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു. 1977ൽ കെഎസ്‌ആർടിസിയിൽ ക്ളാർക്കായി ജോലിയിൽ പ്രവേശിച്ച് 2001ൽ സീനിയർ അസിസ്റ്റന്റ് ആയാണ് വിരമിച്ചത്.
ആത്മകഥയായ ദളിതൻ, കേരള ചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതയ്ക്കൊരു ചരിത്രപാഠം എന്നിവ ശ്രദ്ധേയ കൃതികളാണ്. 2021ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായിരുന്നു.