വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ & സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവൻ

എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകര്‍ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്റെ ചുമതല ഇനി കെ മാധവന് ആയിരിക്കും.

വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ & സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവൻ

ദില്ലി: വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകര്‍ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്റെ ചുമതല ഇനി കെ മാധവന് ആയിരിക്കും. വാള്‍ട്ട് ഡിസ്‌നി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മേധാവി റെബേക്ക കാംപ്‌ബെല്‍ ആണ് പ്രഖ്യാപനം നടത്തിയത്.ഡിസ്‌നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം ഇനി കെ മാധവന്‍ നേതൃത്വം നല്‍കും. ചാനല്‍ വിതരണത്തിന്റെയും പരസ്യങ്ങളുടെയും മേല്‍നോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്‌സ്, സിനിമകള്‍ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ ചുമതല എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യാ ബിസിനസിനെ കെ മാധവന്‍ എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് നേരിട്ട് കണ്ടു. അത് കമ്പനിയുടെ ആഗോള, പ്രാദേശിക ഉയര്‍ച്ചയില്‍ നിര്‍ണായകമായി എന്നും റെബേക്ക ക്യാംപ്‌ബെല്‍ പറഞ്ഞു. പുതിയ മാറ്റങ്ങളും കൊവിഡ് സാഹചര്യം ഉയര്‍ത്തിയ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും കെ മാധവന്‍ സ്റ്റാര്‍ നെറ്റ്വര്‍ക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അവിശ്വസനീയമാംവിധം കഴിവുള്ള ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ചാനലുകളെയും പരിപാടികളെയും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുകയാണ് ലക്ഷ്യമെന്നും കെ മാധവന്‍ പറഞ്ഞു.

''ഞങ്ങള്‍ക്ക് മുന്നില്‍ ആവേശകരമായ ഒരു യാത്രയുണ്ട്. ഞങ്ങളുടെ ആഗോള, പ്രാദേശിക സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിസ്‌നിയിലുടനീളമുള്ള സഹപ്രവര്‍ത്തകരുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകും'', അദ്ദേഹം വ്യക്തമാക്കി. 2019 മുതല്‍, സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവന്‍ കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസ്സിന്റെ മേല്‍നോട്ടം വഹിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായും സിഐഐയുടെ മീഡിയ & എന്റര്‍ടെയ്ന്‍മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനായും കെ മാധവന്‍ പ്രവര്‍ത്തിക്കുന്നു.