കെ ആർ അജയൻ്റെ ‘ആരോഹണം ഹിമാലയം‘ എന്ന യാത്രാ വിവരണം ശ്രദ്ധ നേടുന്നു

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിക്കൂട്ടമായ നന്ദാദേവിയുടെ ചുവട്ടിലേക്കുള്ള അതിസാഹസിക യാത്രയുടെ അമ്പരപ്പിക്കുന്ന അനുഭവമാണ്‌ പുസ്‌തകത്തിൻ്റെ ഒന്നാം ഭാഗം.

കെ ആർ അജയൻ്റെ ‘ആരോഹണം ഹിമാലയം‘ എന്ന യാത്രാ വിവരണം ശ്രദ്ധ നേടുന്നു

യാത്രയെഴുത്തുകൾ പ്രിയപ്പെട്ടതാകുന്നത് ആഖ്യാനത്തിലെ തെളിച്ചവും വസ്തുതകളിലെ ശരിയിലുമാണ്. കാഴ്ചയുടെ എല്ലാ സൗന്ദര്യവും ഒപ്പിയെടുത്ത നിരവധി യാത്രാ സാഹിത്യകൃതികൾ മലയാളത്തിലുണ്ട്. എന്നാൽ അവയിൽ പലതും വസ്തുതാപ്പിശകുകളാലും അമിതമായ വിവരണങ്ങളാലും നിറഞ്ഞുകിടപ്പാണ്. ഒറ്റ വായനയിൽ അവസാനിക്കുന്നവയെന്ന് ഇത്തരം കൃതികളെ പറയാമെന്നു തോന്നുന്നു. അതിൽനിന്ന് വ്യത്യസ്തമാണ്

കെ ആർ അജയൻ്റെ യാത്രയെഴുത്തുകൾ. സങ്കൽപ്പങ്ങളും ഭാവനയുമൊക്കെ എഴുത്തിൽ കലരുന്നുണ്ടെങ്കിലും അതൊന്നും വസ്തുതകളെ ഹനിക്കുന്നില്ല. അതുമാത്രമല്ല, മടുപ്പുളവാക്കാത്ത ലളിതമായ ആഖ്യാനരീതി മലയാളത്തിലെ പുതുതലമുറ യാത്രാസാഹിത്യത്തിൻ്റെ അടയാളം കൂടിയാകുന്നു.പത്രപ്രവർത്തകനും കഥാകൃത്തുമായ കെ ആർ അജയൻ്റെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ യാത്രാ പുസ്തകമാണ് ‘ ആരോഹണം ഹിമാലയം’. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിക്കൂട്ടമായ നന്ദാദേവിയുടെ ചുവട്ടിലേക്കുള്ള അതിസാഹസിക യാത്രയുടെ അമ്പരപ്പിക്കുന്ന അനുഭവമാണ്‌ പുസ്‌തകത്തിൻ്റെ ഒന്നാം ഭാഗം.

ഹിമാലയൻ സഞ്ചാരികൾ പോലും സാധാരണ കയറിയിറങ്ങാത്ത വഴിയിലുടെ ആഴ്‌ചകളോളം നടത്തിയ കാൽനട യാത്ര വായനക്കാരെ നേരിട്ടനുഭവിപ്പിക്കുയാണ്‌ അജയൻ. യാത്രയുടെ സാഹസികതയ്‌ക്കൊപ്പം ഹിമാലയത്തിൻ്റെ ജൈവസാന്നിദ്ധ്യവും ഉൾനാടൻ ഗ്രാമീണ ജീവിതവുമെല്ലാം എ്ഴുത്തിനിടയിൽ കടന്നുവരുന്നു. മഹാഭാരതത്തിൽ പാണ്ഡവർ സ്വർഗംപൂകിയതായി വിശ്വസിക്കുന്ന സ്വർഗാരോഹിണിയിലേക്കുള്ള  യാത്രയാണ്‌ ആരോഹണം ഹിമാലയത്തിൻ്റെ രണ്ടാം ഭാഗം.

മഞ്ഞുമൂടിയ  ഉത്തർഖണ്ഡിൻ്റെ കുന്നിറക്കങ്ങളിലൂടെ നടന്നെത്തുന്ന യാത്രികരെ അവിടെ സ്വീകരിക്കുന്നത്‌ അവിശ്വസനീയമായ കാഴ്‌ചകളും അനുഭവങ്ങളുമാണ്‌. പുരാണ പ്രസിദ്ധവും ആത്മീയ കേന്ദ്രങ്ങളുമായ ചാർധാമിലേക്കുള്ള നടത്തമാണ്‌ പുസ്‌തകത്തിൻ്റെ മൂന്നാം ഭാഗം. ഭക്തിയുടെ നിറഘോഷങ്ങളൊന്നുമില്ലാതെ ഗംഗോത്രിയും ഗോമുഖും യമുനോത്രിയും ബദ്‌രിനാഥും കേദാർനാഥും അജയൻ സഞ്ചരിക്കുന്നു. വാക്കുകളിൽ വിരിയുന്ന ഹിമാലയൻ ചന്തം വായനക്കാരനെയും സഹയാത്രികനാക്കും. 

ഭൂട്ടാനിലെ ബുദ്ധകേന്ദ്രങ്ങളിലേക്കുള്ള രണ്ട്‌ യാത്രകളാണ്‌ അവസാന ഭാഗത്ത്‌. ഹയഗ്രീവ ആസ്ഥാനമെന്ന്‌ വിശ്വസിക്കുന്ന മൊണാസ്‌ട്രിയിലേക്കുള്ള യാത്രയും അവിടുത്തെ സാമൂഹ്യാന്തരീക്ഷവുമെല്ലാം  യാത്രാവായനക്ക്‌ പുതുമാനം നൽകുന്നു. ചിന്ത പബ്ലിഷേഴ്‌സ്‌ പുറത്തിറക്കിയ ‘ആരോഹണം ഹിമാലയം‘ ഈ വർഷം പുറത്തുവന്ന യാത്രാപുസ്‌തകങ്ങളിൽ ശ്രദ്ധേയ സ്ഥാനം നേടുകയാണ്‌. 290 രൂപയാണ്‌ വില.യാത്രാ