back to top
Friday, January 17, 2025
Google search engine
HomeEntertainmentകങ്കണ റണൗട്ടിൻ്റെ 'എമർജൻസി' ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുന്നു

കങ്കണ റണൗട്ടിൻ്റെ ‘എമർജൻസി’ ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുന്നു

ബോളിവു‍ഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. അതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ബോര്‍ഡിന്റെ ഈ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. ഒരു സംവിധായികയെന്ന നിലയില്‍ ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും ഐ.എ.എന്‍.എസ്സിനോട് അവര്‍ വ്യക്തമാക്കി.

ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ രംഗങ്ങള്‍ നീക്കുന്നതില്‍ പ്രശ്‌നങ്ങളില്ല. ആരേയും പരിഹസിക്കാനല്ല സിനിമയെടുത്തത്. ചരിത്രത്തിന്റെ ഭാഗമായുള്ള ചില രംഗങ്ങളെ മുഴുവനായി നീക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സിനിമയെ ബാധിക്കില്ല.- കങ്കണ പറഞ്ഞു. ദേശസ്‌നേഹമാണ് സിനിമയുടെ സന്ദേശം. അതിനാല്‍ രംഗങ്ങള്‍ നീക്കം ചെയ്തത് വലിയ രീതിയില്‍ ബാധിക്കില്ലെന്നും അത് ചെയ്തതിന് പിന്നില്‍ ഒരു കാരണമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേർത്തു.

സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാക്കമ്മറ്റി അറിയിച്ചിരുന്നു.

സിഖ് സംഘടനകളുടെ പ്രതിഷേധത്തേത്തുടർന്നാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. സെപ്റ്റംബർ ആറ് വെള്ളിയാഴ്ചയായിരുന്നു ഇന്ദിരാ​ഗാന്ധിയുടെ വേഷത്തിൽ കങ്കണ എത്തുന്ന ‘എമർജൻസി’ റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറാവുമ്പോഴായിരുന്നു സിഖ് മത സംഘടനകൾ ചിത്രത്തിനെതിരെ രം​ഗത്തെത്തുന്നത്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി കിട്ടുന്ന കാര്യം നീളുകയായിരുന്നു.

എമർജൻസിയിൽ അടൽ ബിഹാരി വാജ്പേയിയായി ശ്രേയസ് തൽപഡെയും ഫീൽഡ് മാർഷൽ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ​ഗാന്ധിയായി വിശാഖ് നായരും വേഷമിടുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനം നിർവഹിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments