കണ്ണൂർ: നിരന്തരം അക്രമങ്ങൾക്കിരയായി ഒടുവിൽ മരണം കീഴടക്കിയ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കോർപ്പറേഷൻ നമ്പർ നൽകുന്നില്ലെന്ന് പരാതി. കണ്ണൂർ ആർ.ടി.ഒ ഉണ്ണികൃഷ്ണനെതിരെയാണ് പരാതി. കഴിഞ്ഞ ജൂണിൽ ചിത്രലേഖ തന്നെ നേരിട്ടാണ് നിലവിലുള്ള നമ്പർ പുതിയ ഓട്ടോറിക്ഷക്ക് ലഭിക്കാനുള്ള അപേക്ഷ നൽകിയത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആർ.ടി.ഒ ഇത് നിരസിക്കുകയാണ്.
ജൂൺ 25 നാണ് കെ.എൽ 13 എ.വി O836 ഓട്ടോറിക്ഷക്ക് കെ.എം.സി നമ്പർ മാറ്റി നൽകാൻ ചിത്രലേഖ അപേക്ഷ നൽകിയത്. നിലവിൽ 2689, 2690 കെ.എം.സി നമ്പറുകൾ ചിത്രലേഖയുടെ ഓട്ടോകളുടേതാണ്. ഇതിൽ കെ.എൽ 13 എ.പി 740 ഓട്ടോറിക്ഷ കാട്ടാമ്പള്ളിയിലെ വീട്ടിനു മുന്നിൽ വെച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു. ഇതിപ്പോൾ വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലാണുള്ളത്. മറ്റൊരു ഓട്ടോറിക്ഷ കെ. എൽ 13 എക്സ് 7998 നമ്പർ വീടു നിർമാണത്തിൻ്റെ ആവശ്യത്തിനായി വിൽക്കുകയും ചെയ്തു.
പുതിയ ഒട്ടോറിക്ഷക്കായി വിവിധ സംഘടനകളെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ആം ആദ്മി പാർട്ടിയുടെ, മഹിള വിഭാഗം വായ്പ പ്രകാരം പുതിയ ഓട്ടോറിക്ഷ ഇറക്കിക്കൊടുത്തത്. ഡൗൺ പേയ്മെൻ്റും വണ്ടിയിറങ്ങാനുള്ള ചെലവുമായി അര ലക്ഷത്തോളം രൂപ ഇവർ നൽകി. എന്നാൽ മാസം 8,100 രൂപ വായ്പയsക്കണം. കഴിഞ്ഞ മാസം 5 ന് ചിത്രലേഖ അന്തരിച്ചു. മകൾ മേഖയുടെ പേരിലാണ് പുതിയ കെ.എൽ കെ.എൽ 13 എ.വി O836 ഓട്ടോറിക്ഷ. നിലവിലുള്ള കെ.എം.സി നമ്പറുകളിലൊന്ന് മാറ്റി നൽകുകയേ വേണ്ടതുള്ളൂ. ചിത്രലേഖയുടെ ഭർത്താവ് എം.ശ്രീഷ്കാന്താണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. കെ.എം.സി നമ്പറില്ലാത്തതിനാൽ കണ്ണൂർ നഗരത്തിലെ സ്റ്റാൻ്റുകളിൽ വെച്ച് ഓടിക്കാനാകുനില്ല. ഇതു കൊണ്ടു തന്നെ വായ്പ തിരിച്ചടവ് മൂന്നു മാസമായി മുടങ്ങിയിരിക്കുകയാണ്. മാത്രമല്ല, ഏക വരുമാന മാർഗം നിലച്ചതിനാൽ കുഞ്ഞുങ്ങളടക്കമുള്ള കുടുംബം പട്ടിണിയിലാണ്.
രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് കെ.എം.സി നമ്പർ മാറ്റി നൽകാത്തതെന്ന് ശ്രീഷ്കാന്തും മേഖയും പറയുന്നു. ആറു മാസമായി ആർ.ടി ഒ ഓഫീസിൽ കയറിയിറങ്ങുകയാണിവർ. ആർ.ടി.ഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണ്. മരിച്ചിട്ടും ചിത്രലേഖയെ വെറുതെ വിടുന്നില്ലെന്ന് ഇവർ കണ്ണീരോടെ പറയുന്നു. ഓട്ടം പോകാതെ കാട്ടാമ്പള്ളിയിലെ വീട്ടിൽ കയറ്റിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷ.
പയ്യന്നൂർ എടാട്ട് സി.പി.എം പ്രവർത്തകരുടെ നിരന്തര അക്രമണത്തിനിരയാവുകയും ചെറുത്തു നിൽപ്പിലൂടെ ശ്രദ്ധേയയാവുകയുമായിരുന്നു ചിത്രലേഖ. ഇവരുടെ ഓട്ടോറിക്ഷ പല തവണ ആക്രമിക്കപ്പെടുകയും തീവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കണ്ണൂർ ആർ.ടി.ഒ കോർപ്പറേഷൻ നമ്പർ നൽകുന്നില്ലെന്ന് പരാതി
RELATED ARTICLES