കൊടുംകാടിനുള്ളില്‍ നദിക്ക് കീഴെ ആയിരം ശിവലിംഗങ്ങള്‍: കബാല്‍ സ്പീനിലെ കൗതുകങ്ങള്‍

കംബോഡിയയിലെ അങ്കോറിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമാണ് ഖെമറിലെ 'ബ്രിഡ്ജ് ഹെഡ്' എന്ന് സൂചിപ്പിക്കുന്ന കബാല്‍ സ്പീന്‍.

കൊടുംകാടിനുള്ളില്‍ നദിക്ക് കീഴെ ആയിരം ശിവലിംഗങ്ങള്‍: കബാല്‍ സ്പീനിലെ കൗതുകങ്ങള്‍

ക്ഷേത്രങ്ങളാല്‍ സമ്പന്നമായ നാടാണ് കമ്പോഡിയ. ശില്പകലകളില്‍ താത്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്. സാധാരണയായി ഏവരും എത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി അത്ര ജനത്തിരക്കില്ലാത്ത, എന്നാല്‍ മനോഹരമായ ഒരിടമുണ്ട് കമ്പോഡിയയില്‍. നിരവധി കൗതുകങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ആ പ്രദേശത്തിന് പേര് കബാല്‍ സ്പീന്‍ എന്നാണ്.

ആയിരം ലിംഗങ്ങളുടെ നദിയെന്നാണ് സ്ഥലപ്പേരിന്റെ അര്‍ത്ഥം. പ്രകൃതി ഒളിപ്പിച്ചുവെച്ച ശില്പങ്ങളുടെ കൂട്ടമാണിവിടെ കാണാനാവുക. പേര് സൂചിപ്പിക്കുന്നതുപോലെ ആയിരക്കണക്കിന് ശിവലിംഗങ്ങളാണിവിടത്തെ പ്രത്യേകത. പാറകളില്‍ കൊത്തിവച്ച വേറെയും രൂപങ്ങള്‍ ഇവിടെ കാണാം. ശിലാരൂപങ്ങളെ പൊതിഞ്ഞ് തഴുകിയൊഴുകുന്ന പുഴയുടെ കാഴ്ച അവര്‍ണനീയമാണ്.

കംബോഡിയയിലെ അങ്കോറിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമാണ് ഖെമറിലെ 'ബ്രിഡ്ജ് ഹെഡ്' എന്ന് സൂചിപ്പിക്കുന്ന കബാല്‍ സ്പീന്‍. 1969 ല്‍ എത്തനോളജിസ്റ്റായ ജീന്‍ ബോള്‍ബെറ്റാണ് ഒരു സന്യാസിക്കൊപ്പം നടക്കവേ ഈ പ്രദേശം കണ്ടെത്തിയത്. ഇത്രയും മനോഹരമായ പ്രദേശത്തേക്ക് സഞ്ചാരികളാരും അങ്ങനെ എത്താത്തതെന്തുകൊണ്ട് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.

പതിനൊന്നാം നൂറ്റാണ്ടില്‍ ഉദയാദിത്യവര്‍മ്മന്‍ രണ്ടാമന്‍ രാജാവിന്റെ കാലത്താണ് ഇവ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. നഗര കേന്ദ്രത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രം മതി കബാല്‍ സ്പീനിലെത്താന്‍. യാത്രയ്ക്കിടെ കമ്പോഡിയയുടെ മനോഹരമായ ഗ്രാമക്കാഴ്ചകള്‍ കാണാം.

പ്രദേശത്തെത്തിയാല്‍ വനത്തിലൂടെ മുകളിലേക്ക് 1500 മീറ്റര്‍ ഉയരമുള്ള പാത കാണാം. രാവിലെ 8 മുതല്‍ വൈകുന്നേരം 3 വരെയാണ് ഇങ്ങോട്ടുള്ള പ്രവേശനം. ഉള്‍വനത്തിലേക്കുള്ള യാത്ര നിങ്ങളെ മറ്റൊരു ലോകത്തിലെത്തിക്കും.