റാഞ്ചി: അവസാന രണ്ടുദിനങ്ങളിലെ കുതിപ്പിലൂടെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ഓവറോൾ കിരീടം കേരളത്തിന്റെ ചുണക്കുട്ടികൾ റാഞ്ചി.
ജാർഖണ്ഡിലെ റാഞ്ചി ബിർസാ മുണ്ടാ സ്റ്റേഡിയത്തിൽ ഇന്നലെ സമാപിച്ച 68-ാമത് സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ആറു സ്വർണം, ആറു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ മെഡൽ സ്വന്തമാക്കി, 138 പോയിന്റോടെയാണ് കേരളം ഓവറോൾ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
മീറ്റിന്റെ ആദ്യദിനത്തിൽ സ്വർണ വരൾച്ചയാൽ വേദനിച്ച കേരളതാരങ്ങൾ രണ്ടാംദിനം മുതൽ തങ്കമണിഞ്ഞു തുടങ്ങി. മൂന്നാംദിനം മൂന്നു സ്വർണവും അവസാനദിനമായ ഇന്നലെ രണ്ടു സ്വർണവും കേരളതാരങ്ങൾ അക്കൗണ്ടിലെത്തിച്ചു.
കലാശക്കൊട്ട് ദിനമായ ഇന്നലെ രണ്ടു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ നാലു മെഡൽ സ്വന്തമാക്കി. ഇന്നലെ 4×400 മീറ്റർ റിലേയിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ കേരള താരങ്ങൾ സ്വർണവുമായി ഓടിക്കയറി.