സാമൂഹ്യ സുരക്ഷാ മിഷൻ എംഡി സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി;പകരം ഷീബ ജോർജ്

അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല

സാമൂഹ്യ സുരക്ഷാ മിഷൻ എംഡി സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി;പകരം ഷീബ ജോർജ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷൻ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യ നീതി ഡയറക്ടർ ഷീബ ജോർജിനാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. തിരികെ ആരോഗ്യവകുപ്പിലേക്കാണ് അഷീൽ പോകുന്നത്. അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായില്ല. 

തൃശൂർ കേന്ദ്രമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ(എൻഐപിഎംആർ) ചുമതലയും വഹിച്ചിരുന്നു. എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയരക്ടറായിരുന്നു അഷീല്‍.ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽനിന്നാണ് ഡോ. അഷീൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് ആരോഗ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡോ. അഷീൽ സാമൂഹ്യ സുരക്ഷാ മിഷനിലേക്ക എത്തുന്നത്. കൊവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധ നേടിയിരുന്നു. എൻഡോസൾഫാൻ വിഷയവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളും ഡോ. അഷീൽ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.