ടൊവിനോ തോമസിന്റെ മിന്നൽ മുരളിക്കെതിരെ എതിർപ്പുമായി നാട്ടുകാർ, ചിത്രീകരണം നിർത്തിച്ചു

മലയാളത്തിലെ യുവനിര നായകരില്‍ മുന്‍പന്തിയിലുളള ടൊവിനോ തോമസിന്റെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി

ടൊവിനോ തോമസിന്റെ മിന്നൽ മുരളിക്കെതിരെ എതിർപ്പുമായി നാട്ടുകാർ, ചിത്രീകരണം നിർത്തിച്ചു

തൊടുപുഴ: ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിച്ചു. ഇടുക്കിയില്‍ വെച്ചായിരുന്നു മിന്നല്‍ മുരളിയുടെ ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്. ഡി കാറ്റഗറിയിലുളള പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാകില്ലെന്ന് വ്യക്തമാക്കി നാട്ടുകാരില്‍ ഒരു വിഭാഗം പ്രതിഷേധിക്കുകയായിരുന്നു.മലയാളത്തിലെ യുവനിര നായകരില്‍ മുന്‍പന്തിയിലുളള ടൊവിനോ തോമസിന്റെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഇടുക്കി തൊടുപുഴയ്ക്ക് സമീപത്തുളള കുമാരമംഗലം പഞ്ചായത്തില്‍ ആയിരുന്നു മിന്നല്‍ മുരളിയുടെ ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്.

കടുത്ത കൊവിഡ് വ്യാപനത്തിന്റെയും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും പശ്ചാത്തലത്തില്‍ ഡി കാറ്റഗറിയില്‍ ആണ് കുമാരമംഗലം പഞ്ചായത്ത് ഉള്‍പ്പെട്ടിരിക്കുന്നത്. ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പഞ്ചായത്തില്‍ സിനിമാ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി നാട്ടുകാരില്‍ ചിലര്‍ ലൊക്കേഷനിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.എന്നാല്‍ ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് സിനിമാ ചിത്രീകരണം നടക്കുന്നത് എന്ന് മിന്നല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഷൂട്ടിംഗ് നിര്‍ത്തി വെപ്പിക്കുകയായിരുന്നു.