കര്‍ണാടകത്തിനു പിന്നാലെ തമിഴ്നാടും പുതുച്ചേരിയും സ്കൂളുകൾ തുറക്കുന്നു;കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു  

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന് ചേരും

കര്‍ണാടകത്തിനു പിന്നാലെ തമിഴ്നാടും പുതുച്ചേരിയും സ്കൂളുകൾ തുറക്കുന്നു;കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു  

തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയാത്തത് കാരണം, ഇത് സംബന്ധിച്ച് ഒരു തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. രോഗികളുടെ എണ്ണം കുറയാത്തത് സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.അയല്‍ സംസ്ഥാനമായ പുതുച്ചേരിയിലും, തമിഴ്‌നാട്ടിലും സെപറ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. കര്‍ണാടകത്തില്‍ കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ തുറന്നു. എന്നാല്‍ കേരളത്തില്‍ എപ്പോള്‍ തുറക്കുമെന്നതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

മാസങ്ങളോളമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിലോ, ആഴ്ചകളിലോ പകുതിക്കുട്ടികളെ വീതമെങ്കിലും സ്‌കൂളുകളില്‍ എത്തിക്കേണ്ടത് അവരുടെ മാനസിക വികസനത്തിന് അനിവാര്യമാണെന്നാണ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുറയാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന് ചേരും. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് യോഗം. ഓണത്തിന് പിന്നാലെ കൊവിഡ് പ്രതിദി രോഗനിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണത്തില്‍ മാറ്റമുണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.