മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനം നടത്തിയ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസി മുക്കത്തെ തള്ളി എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാടെന്നും ഒരു ജനസദസ്സില്‍ പാണക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമര്‍ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍ അങ്ങനെ ശ്രമിക്കുന്നവര്‍ ചെറുതാവുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു.
ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉമര്‍ ഫൈസി അത് സംഘടനയില്‍ പറയണം. പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്. ഈ രീതിയില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഷാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.