ടി പി ചന്ദ്ര ശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം: ഒര്‍മ ദിവസത്തില്‍  തിളക്കമാര്‍ന്ന വിജയവുമായി കെ കെ രമ

ടി പിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവുമായി നില്‍ക്കുന്നു.

ടി പി ചന്ദ്ര ശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം: ഒര്‍മ ദിവസത്തില്‍  തിളക്കമാര്‍ന്ന വിജയവുമായി കെ കെ രമ

കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒന്‍പത് വര്‍ഷം തികയുന്നു. ടി പിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവുമായി നില്‍ക്കുന്നു.

2012 മെയ് നാലിനാണ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപണം ഉയര്‍ന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരന്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ല്‍ പാര്‍ട്ടി വിടുകയും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ പകയാകാം കൊലപാതകമായി പരിണമിച്ചത് എന്നായിരുന്നു വിലയിരുത്തല്‍. 

അന്വേഷണം നടത്തി സിപിഎം നേതാക്കളെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു. 2014ല്‍ കേസിന്റെ വിധി വന്നപ്പോള്‍ മൂന്ന് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു.

കെ കെ രമയുടെ ശക്തമായ നേതൃത്വത്തില്‍ ആര്‍എംപി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമ 7746 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി. കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായാണ് കെ കെ രമയുടെ വിജയം ടിപിയുടെ ഓര്‍മ്മദിവസത്തില്‍ കേരളം അംഗീകരിക്കുന്നത്.