back to top
Thursday, January 16, 2025
Google search engine
HomeLatest Newsമഹീന്ദ്ര സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ തളച്ച് കൊമ്പൻസ് സെമിയിൽ

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: മലപ്പുറത്തെ തളച്ച് കൊമ്പൻസ് സെമിയിൽ

ആർത്തലച്ചുവന്ന മലപ്പുറം എഫ്സിയുടെ ആക്രമണങ്ങളെ പോസ്റ്റിനു മുന്നിൽ മലപോലുയർന്നു തടഞ്ഞ ഗോളി മിഖായേൽ സാന്റോസിന്റെ മികവിൽ തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ സെമിയിൽ.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി കൊമ്പൻസ് മലപ്പുറത്തെ (2-2) സമനിലയിൽ തളച്ചു. കൊമ്പൻസിനായി ഓട്ടിമർ ബിസ്‌പൊ, പോൾ ഹമർ എന്നിവരും മലപ്പുറത്തിനായി അലക്സിസ് സാഞ്ചസ് രണ്ട് ഗോളും നേടി. പത്ത് കളികളിൽ കൊമ്പൻസ് 13 പോയന്റ് നേടിയപ്പോൾ മലപ്പുറത്തിന് 10 മാത്രം.

അഞ്ചാം തീയ്യതി നടക്കുന്ന ഒന്നാം സെമിയിൽ കൊമ്പൻസിന് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‍സിയാണ് എതിരാളികൾ.

ആറാം തീയ്യതിയിലെ രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. രണ്ട് സെമി പോരാട്ടങ്ങൾക്കും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമാണ് വേദി.
പത്താം തീയ്യതിയാണ് കിരീടപ്പോരാട്ടം.

നീണ്ട ഇടവേളക്ക് ശേഷം ഗോൾ പോസ്റ്റിന്റെ ചുമതല പരിചയസമ്പന്നനായ വി മിഥുനെ ഏൽപ്പിച്ചാണ് മലപ്പുറം കളത്തിലിറങ്ങിയത്.

മൂന്നാം മിനിറ്റിൽ മലപ്പുറം നടത്തിയ മുന്നേറ്റം കൊമ്പൻസ് ഗോളി സാന്റോസും ഡിഫണ്ടർ അഖിൽ ചന്ദ്രനും ചേർന്ന് ഗോൾലൈൻ സേവിലൂടെ രക്ഷിച്ചു.

ഇടതു വിങിലൂടെ ബാർബോസ വേഗതയേറിയ നിക്കങ്ങളുമായി കൊമ്പൻസ് കോട്ടയിലേക്ക് നിരന്തരം ആക്രമണം നയിച്ചു. പക്ഷെ ബ്രസീലിയൻ താരത്തിന്റെ ക്രോസുകൾ ഫിനിഷ് ചെയ്യാൻ മലപ്പുറം മുന്നേറ്റ നിരയ്ക്ക് കഴിയാതെ വന്നു.

മുപ്പത്തിയെട്ടാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി കൊമ്പൻസ് ഗോൾ നേടി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഓട്ടിമർ ബിസ്‌പൊയെ നന്ദു കൃഷ്ണ കാൽവെച്ചു വീഴ്ത്തി. റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഓട്ടിമർ ബിസ്‌പൊക്ക്‌ പിഴച്ചില്ല (1-0). ലീഗിൽ ബ്രസീലുകാരന്റെ നാലാം ഗോൾ.

രണ്ടാം പകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ കൊമ്പൻസ് രണ്ടാം ഗോളും നേടി. മുഹമ്മദ്‌ അസ്ഹർ നീക്കി നൽകിയ പന്തിൽ ചിപ്പ് ചെയ്ത് ഗോൾ നേടിയത് പോൾ ഹമർ (2-0).

അറുപത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഒരുഗോൾ മടക്കി. ബാർബോസയുടെ ക്രോസിൽ പകരക്കാരനായി വന്ന അലക്സിസ് സാഞ്ചസിന്റെ ഹെഡ്ഡർ (2-1). ഇഞ്ചുറി സമയത്ത് സാഞ്ചസ് വീണ്ടും ഗോൾ നേടി കളി സമനിലയിൽ എത്തിച്ചെങ്കിലും സെമി ടിക്കറ്റിന് അത് പോരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments