കോഴിക്കോട്: കൂടത്തായി കേസില്‍ ആറുപേരുടെയും കൊലപാതകം നടത്തിയതു താന്‍ തന്നെയാണെന്നു ജോളി സമ്മതിച്ചെന്ന് ഉറ്റ സുഹൃത്ത് ജോണ്‍സന്‍ കോടതിയില്‍ മൊഴി നല്‍കി. മൃതദേഹങ്ങള്‍ കല്ലറയില്‍നിന്നു നീക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കേസ് നടത്തിപ്പിനായി പണം കണ്ടെത്താന്‍ ജോളി സ്വര്‍ണം നല്‍കിയെന്നും ജോണ്‍സന്‍ പറഞ്ഞു. 2015 മുതല്‍ ജോളിയുമായി അടുപ്പമുള്ള ജോണ്‍സണ്‍ കേസിലെ 21 ാം സാക്ഷിയാണ്.
കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജോണ്‍സന്‍ കൊടുത്ത മൊഴി ഇപ്രകാരമാണ്: കൊലപാതകക്കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ 2019 ഒക്ടോബര്‍ രണ്ടിന് ജോളി തന്നെ വീട്ടിലേക്കു വിളിച്ചുവരുത്തി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കല്ലറകള്‍ പൊളിക്കുമെന്നും അതിനു മുൻപു കല്ലറ ഇളക്കി ആറുപേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ അവിടെനിന്നു മാറ്റണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
എന്തിനാണു പേടിക്കുന്നതെന്നു ചോദിച്ചപ്പോള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചാല്‍ താന്‍ കുടുങ്ങുമെന്നും ഒരാളെ വിഷം കൊടുത്തും ബാക്കി അഞ്ചുപേരെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയും കൊന്നത് താന്‍ തന്നെയെന്നും ജോളി പറഞ്ഞു.
എം.എസ്.മാത്യുവാണ് തനിക്ക് സയനൈഡ് എത്തിച്ച് നല്‍കിയതെന്നും ജോളി പറഞ്ഞതായി ജോണ്‍സണ്‍ മൊഴി നല്‍കി. സ്വര്‍ണാഭരണങ്ങള്‍ ജോളി ഏല്‍പിച്ചെന്നും തന്നെ അറസ്റ്റ് ചെയ്താല്‍ ഇത് വിറ്റിട്ട് കേസ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ സ്വര്‍ണാഭരണങ്ങളും മുൻപ് തനിക്ക് പണയം വയ്ക്കാനായി നല്‍കിയതും ഉള്‍പ്പടെ 194 ഗ്രാം സ്വര്‍ണം താന്‍ പിന്നീട് പൊലീസിന് കൈമാറിയതായും ജോണ്‍സണ്‍ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ ഹാജരായി. ഇരുനൂറോളം സാക്ഷികളില്‍ 158 പേരുടെ മൊഴിയാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുന്നത്.