കോട്ടയം: സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിൻ്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പാലക്കാട് എല്‍ഡിഎഫ് സ്ഥനാര്‍ഥി പി സരിന്‍. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍, അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്ന് പി സരിന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിന്‍
ശനിയാഴ്ച രാവിലെയാണ് പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തിയത്. പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സരിന്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയത്. കഴിഞ്ഞ ദിവസം കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പി സരിന്‍ സന്ദര്‍ശിച്ചു. മിടുക്കനായ സ്ഥാനാര്‍ഥിയാണ് സരിനെന്ന് വെള്ളപ്പള്ളി പറഞ്ഞു. അറിവ് മാത്രമല്ല തിരിച്ചറിവും ഉള്ളയാളാണ് സരിനെന്നും കോണ്‍ഗ്രസ് ചത്തകുതിരയാണെന്നും വെള്ളപ്പാള്ളി പറഞ്ഞു.
അതെ സമയം, മാധ്യമപ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് വ്യക്തമാക്കി. തൻ്റെ ഉത്തമ ബോധ്യത്തിലാണ് പരാമർശം നടത്തിയതെന്നും മാധ്യമപ്രവർത്തകർ വലതുപക്ഷത്തിൻ്റെ ക്വട്ടേഷൻ എടുത്തവരാണെന്നുംഅദ്ദേഹം പറഞ്ഞു. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ ഒരു കഷ്ണം കിട്ടുമോ എന്നുനോക്കി കൊതിവെള്ളമിറക്കി നിൽക്കുന്ന പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിൻ്റെ വീടിനുമുന്നിൽ നിന്നതെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം ആവർത്തിച്ചു.