കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം: നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം.

കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം: നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. 

പോലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. പെണ്‍കുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെണ്‍കുട്ടികളടക്കം നിരവധിപ്പേര്‍ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു. പത്തോളം പ്രവര്‍ത്തകര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റി. 

മാര്‍ച്ച് അക്രമാസക്തമായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയായിരുന്നു. പോലീസ് കെ.എസ്.യു പ്രവര്‍ത്തകരുടെ തലയടിച്ചുപൊട്ടിച്ചു. അഭിജിത്ത് അടക്കമുള്ള കെ.എസ്.യു നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും കെ.എസ്.യു നേതാക്കള്‍ പ്രതികരിച്ചു. വൈസ് പ്രസിഡന്റ് സ്നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാന്‍ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു. നെയിം ബോര്‍ഡ് പോലുമില്ലാത്ത പോലീസുകാരാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. അവര്‍ യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ് യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ് ഇപ്പോള്‍.