സ്ത്രീധനത്തെച്ചൊല്ലി മാനസികപീഡനം: യുവതി ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്.

സ്ത്രീധനത്തെച്ചൊല്ലി മാനസികപീഡനം: യുവതി ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: കുണ്ടറയില്‍ കടപുഴ പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നാട്ടുകാര്‍ ഉടന്‍തന്നെ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്തൃവീട്ടില്‍ നിന്നുള്ള  മാനസികപീഡനമാണ് ആത്മഹത്യക്കുപിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ് മരിച്ച രേവതികൃഷ്ണ. നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-ന് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയെ നേരത്തേ സൈജുവിന് പരിചയമുണ്ടായിരുന്നു. സൈജുവിന്റെ വീട്ടുകാരാണ് വിവാഹാലോചന നടത്തിയത്. കോവിഡ് കാലമായതിനാല്‍ നിര്‍ധന കുടുംബത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കും ആവശ്യമായ പണം സ്വരൂപിക്കാനായില്ല. വിവാഹം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്കു മടങ്ങി.

സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്തൃവീട്ടില്‍നിന്നുള്ള നിരന്തര മാനസികപീഡനം രേവതി വീട്ടില്‍ അറിയിച്ചിരുന്നു. കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്നു കളിയാക്കി ചോദിക്കുമായിരുന്നു. ഒടുവില്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്നു ലഭിച്ച വിവാഹ ധനസഹായമായ 70,000 രൂപകൊണ്ട് ശശികല മകള്‍ക്ക് സ്വര്‍ണക്കൊലുസ് വാങ്ങി നല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. രേവതി ഭര്‍ത്താവിന് അവസാനമായി അയച്ച വാട്സാപ്പ് സന്ദേശം ഭര്‍ത്തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ടു ദിവസം മുന്‍പ് രേവതി കൂട്ടുകാരിയുമൊത്ത് കുടുംബവീട്ടിലെത്തിയിരുന്നു. കൂട്ടുകാരി കൂടെയുണ്ടായിരുന്നതിനാല്‍ ഭര്‍ത്തൃവീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചില്ല. ഇതിനു ശേഷം കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചില്ല. വ്യാഴാഴ്ച രാവിലെ 10-ന് വിദേശത്തുനിന്ന് സൈജു രേവതിയുടെ അമ്മയെ വിളിച്ചു. രേവതി ഫോണ്‍ എടുക്കുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 

ശശികല ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തി. വീട്ടില്‍നിന്നിറങ്ങി പുറത്തേക്കുപോയെന്നും എവിടെയാണെന്നറിയില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. ഇവിടെനിന്ന് കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെത്തിയ അമ്മ രേവതിയുടെ മരണവിവരമാണ് അറിയുന്നത്. മൃതദേഹ പരിശോധനയ്ക്കു ശേഷം ചെറുപൊയ്ക കുഴിവിളവീട്ടില്‍ വെള്ളിയാഴ്ച ശവസംസ്‌കാരം നടത്തും. കിഴക്കേ കല്ലട പോലീസ് അന്വേഷണം ആരംഭിച്ചു.