ഗിയറുള്ളത് ഓടിച്ച് ഗിയറില്ലാത്ത ലൈസൻസ് നേടണം

ഗിയറുള്ളത് ഓടിച്ച്  ഗിയറില്ലാത്ത ലൈസൻസ് നേടണം

ഓട്ടമാറ്റിക് ഗിയറുള്ള കാർ ഓടിക്കണമെങ്കിൽ ഗിയറുള്ള നാലുചക്രവാഹനം ഓടിച്ചുതന്നെ ലൈസൻസ് എടുക്കണം. ‌‌ ഡ്രൈവിങ് ലൈസൻസിന് അപേക്ഷ സമർപ്പിക്കാനുള്ള കേന്ദ്രീകൃത സംവിധാനമായ പരിവാഹനിലെ സാരഥി പോർട്ടലിൽ ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) ഓട്ടമാറ്റിക് എന്ന ഓപ്ഷൻ ഇല്ലാത്തതാണു കാരണം

ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങൾ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കേന്ദ്രീകൃത സംവിധാനത്തിലേക്കു കഴിഞ്ഞ വർഷം മാറിയതോടെയാണ് ഓട്ടമാറ്റിക് നാലുചക്രവാഹനങ്ങൾ കളത്തിനു പുറത്തായത്. എന്നാൽ ഇരുചക്രവാഹനങ്ങൾക്കു ഗിയർലെസ് എന്ന ഓപ്ഷൻ ലഭ്യമാണ്.

മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാംതന്നെ www.parivahan.gov.in എന്ന വെബ്സൈറ്റിലേക്കു മാറ്റിയിട്ടുണ്ട്. കേരള മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറായ സ്മാർട് മൂവിൽ അദർ കാറ്റഗറി എന്ന വിഭാഗത്തിൽ എൽഎംവി ഓട്ടമാറ്റിക് ഓപ്ഷൻ ലഭ്യമായിരുന്നു. ഓട്ടമാറ്റിക് ഗിയർ കാറുകളിൽ ലൈസൻസ് എടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സമീപിക്കുന്നുണ്ടെങ്കിലും തൽക്കാലം നിവൃത്തിയില്ലെന്നു പറയുകയാണെന്ന് ആർടിഒ വൃത്തങ്ങൾ പറഞ്ഞു.