ന്യൂ ഡൽഹി: അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരണവുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി). 30,127 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് എൽഐസി വിവിധ അദാനി കമ്പനികളിലായി നടത്തിയിട്ടുള്ളത്. ജനുവരി 27ലെ കണക്കനുസരിച്ച് ഈ നിക്ഷേപങ്ങളുടെ മൂല്യം 56,142 കോടി രൂപയാണ്. അദാനി ഓഹരികളുടെ ഇന്നത്തെ നഷ്ടം കണക്കിലെടുക്കുമ്പോൾ, നിക്ഷേപങ്ങളുടെ മൂല്യം ഇതിലും കുറവായിരിക്കും.
കടപ്പത്രങ്ങളുടെ കാര്യം കൂടെ നോക്കുമ്പോൾ മൊത്തം നിക്ഷേപം 35,917.31 കോടി രൂപയാണ്. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 0.975 ശതമാനം മാത്രമാണ് ഈ നിക്ഷേപങ്ങളെന്ന് എൽഐസി അറിയിച്ചു. 41.66 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എൽഐസി കൈകാര്യം ചെയ്യുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനിയുടെ ഓഹരികൾ ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ അദാനി കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയോളം ഇടിഞ്ഞു. മൂന്ന് വ്യാപാര ദിനങ്ങളിലായി അദാനിക്ക് വിപണി മൂല്യത്തിൽ 5.17 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.