ബൊളീവിയക്കെതിരെ ഹാട്രിക്ക്: പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസി

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം.

ബൊളീവിയക്കെതിരെ ഹാട്രിക്ക്: പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസി

ബ്യൂണസ് അയേഴ്‌സ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോള്‍ വേട്ടയില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടക്കാനും മെസിക്കായി. പെലെ ബ്രസീലിനായി 77 ഗോളുകളാണ് നേടിയിട്ടുള്ളത്ത്, മെസി 79 തവണ അര്‍ജന്റീനക്കായി സ്‌കോര്‍ ചെയ്തു.

14-ാം മിനിറ്റിലാണ് മെസി തന്റെ ആദ്യ ഗോള്‍ നേടിയത്. ബൊളീവിയന്‍ പ്രതിരോധ നിരയെ കബളിപ്പിച്ചുള്ള മുന്നേറ്റം. ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം പിഴയ്ക്കാതെ വലയിലെത്തി. 64-ാം മിനിറ്റില്‍ ലൊത്താര മാര്‍ട്ടിനസുമായി ചേര്‍ന്നായിരുന്നു രണ്ടാം ഗോള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അര്‍ജന്റീനന്‍ കുപ്പായത്തിലെ ഏഴാം ഹാട്രിക്ക് മെസി തികച്ചത്.

ബ്യൂണസ് അയേഴ്‌സിലെ മൈതാനത്ത് അര്‍ജന്റീനയുടെ കോപ്പ അമേരിക്ക നേട്ടത്തിന്റെ ആഘോഷവും നടന്നു. 28 വര്‍ഷത്തിന് ശേഷമുള്ള കിരീട നേട്ടത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ 21,000 ല്‍ പരം കാണികളും ഉണ്ടായിരുന്നു. കോവിഡ് മഹാമാരിയുടെ ആരംഭത്തിന് ശേഷം ആദ്യമായാണ് അര്‍ജന്റീനയില്‍ ഒരു കായിക മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നത്.

ആഘോഷത്തിനിടെ മെസി വിതുമ്ബി. 'കിരീട നേട്ടം ഇവിടെ ആഘോഷിക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. എന്റെ മാതാവ് ഇവിടെയുണ്ട്, എന്റെ സഹോദരങ്ങള്‍ ഉണ്ട്. അവര്‍ വളരെയധികം കഷ്ടതകള്‍ അനുഭവിച്ചവരാണ്, അവര്‍ ഇപ്പോള്‍ ആഘോഷിക്കുന്നു. ഏനിക്കു വളരെ സന്തോഷം ഉണ്ട്,' മെസി പറഞ്ഞു.