തിരുവനന്തപുരം: അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കു നല്‍കണം എന്നതില്‍ ഇന്നു വൈകീട്ട് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിക്കും. സീതാറാം യെച്ചൂരിയുടെ ഭൗതിക ദേഹം എയിംസിനു പഠനത്തിനായി കൈമാറിയതിനു ശേഷം ഇന്ന് പാര്‍ട്ടി പിബി യോഗംചേരുന്നുണ്ട്. പിബിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് 27ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനിരിക്കെ ജനറല്‍ സെക്രട്ടറിയായി ഏതെങ്കിലും മുതിര്‍ന്ന നേതാവിനു ചുമതല നല്‍കാനാണ് സാധ്യത. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വനിതാ നേതാവ് എന്നതു പരിഗണിച്ച് ബൃന്ദ കാരാട്ടിനു ചുമതല നല്‍കണമെന്ന വാദം ശക്തമാണ്. അതല്ല, മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എംഎ ബേബിക്കും ആന്ധ്രയില്‍ നിന്നുള്ള ബിവി രാഘവലുവിനും സാധ്യതയുണ്ട്.
എഴുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ പിബിയില്‍ വേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടി പിന്തുടരുന്ന മാനദണ്ഡം. അതുകൊണ്ട് മുഴുവന്‍ സമയ ജനറല്‍ സെക്രട്ടറിയെ നിയോഗിക്കുകയാണെങ്കില്‍ ബൃന്ദ പരിഗണിക്കപ്പെട്ടേക്കില്ല. മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി എന്നിവര്‍ പിബിയില്‍ നിന്നു പുറത്താവും. അതേസമയം ഏതെങ്കിലും നേതാവിന് ഇളവു വേണമോയെന്നും പാര്‍ട്ടി കോണ്‍ഗ്രസിനു തീരുമാനിക്കാം.