കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതശരീരം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹെെക്കോടതി നിർദേശം. മെഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം. കേസിൽ വ്യാഴാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.
മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തനായി ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം ചോദ്യം ചെയ്തായിരുന്നു ഹർജി.
മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകുന്നതിനെതിരേ നേരത്തേ ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ലോറൻസിന്റെ മൂന്നു മക്കളെയും കേട്ട് തീരുമാനമെടുക്കാൻ നിർദേശിച്ച് സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു.
തുടർന്ന്, മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. തുടർന്ന് മൂന്നു മക്കളെയും കേട്ട് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ പ്രിൻസിപ്പൽ രൂപവത്‌കരിച്ച സമിതി തീരുമാനിക്കുകയായിരുന്നു.
ഇതിനെയാണ് ഹർജിക്കാരി എതിർക്കുന്നത്. മൂത്ത മകന്റെയും പാർട്ടിയുടെയും സ്വാധീനത്തിനു വഴങ്ങിയാണ് മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും സമിതിക്കു മുന്നിൽ ഹാജരായ തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് ഹർജിയിൽ പറയുന്നത്.