നെയ്‌റോബി: പ്രൊഫ. മാധവ് ഗാഡ്ഗിലിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം. പശ്ചിമഘട്ടസംരക്ഷണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മാധവ് ഗാഡ്ഗിലിനെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ആറുപേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് മാധവ് ഗാഡ്ഗില്‍. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനാണ് ഗാഡ്ഗിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. എമി ബോവേഴ്‌സ് കോര്‍ഡാലിസ് (ഇന്‍സ്പിരേഷന്‍ ആന്‍ഡ് ആക്ഷന്‍), ഗബ്രിയേല്‍ പൗണ്‍ (ഇന്‍സ്പിരേഷന്‍ ആന്‍ഡ് ആക്ഷന്‍), ലി ക്വി (സയന്‍സ് ആന്‍ഡ് ഇന്നോവേഷന്‍), സെകിം (എന്റര്‍പ്രേന്യൂറിയല്‍ വിഷന്‍), സോണിയ ഗൗജജാറ (പോളിസി ലീഡര്‍ഷിപ്) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.