ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ഒറ്റഘട്ടമായാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഒരേ ദിവസമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും ജനവിധി നവംബര്‍ 23ന് അറിയാം. മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ 9.63 കോടി വോട്ടര്‍മാരാണുള്ളത്. ജാര്‍ഖണ്ഡില്‍ ആകെ 81 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാര്‍ ജനവിധിയെഴുതുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
അതേസമയം, ഹരിയാനയില്‍ വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന കോണ്‍ഗ്രസിൻ്റെ ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഹരിയാനയിലും ജമ്മു കശ്മീരിലും മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് രാജീവ് കുമാര്‍ പറഞ്ഞു. ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ എവിടെയും റീ പോളിങ് നടത്തേണ്ടി വന്നിട്ടില്ല. എവിടെയും അക്രമ സംഭവങ്ങളുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലും ജനം മികച്ച പിന്തുണ നല്‍കി. ജമ്മു കശ്മീരില്‍ നടന്നത് ഐതിഹാസിക തിരഞ്ഞെടുപ്പാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.