കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.
തനിക്കെതിരേ വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു മഞ്ചേശ്വരം കോഴക്കേസെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിനു പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിനുപിന്നിൽ ഗുഢാലോചനയുണ്ടെന്നും സി.പി.എമ്മിൻ്റെയും കോൺഗ്രസിൻ്റെയും ലീഗിൻ്റെയും നേതാക്കൾ പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസാണ് ഇത്. ഗൂഢാലോചനയിലൂടെയാണ് ഇങ്ങനെ ഒരു കേസ് ഉണ്ടായത്. എൽ.ഡി.എഫിന് വേണ്ടി ഇവിടെ മത്സരിച്ച വി.വി. രമേശ് കൊടുത്ത കേസാണ്. സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഭാഗമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ എന്നെന്നേക്കുമായി അയോഗ്യനാക്കാൻ വേണ്ടിയും ബിജെപിയെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളക്കേസ് ഇവിടെ കെട്ടിച്ചമച്ചത്. വലിയ ഗൂഢാലോച നടന്നിട്ടുണ്ട് , സുരേന്ദ്രൻ പറഞ്ഞു.