ലോംഗ് വിസില്‍ മുഴങ്ങി, ദൈവം ദൈവത്തെ കൊണ്ടു പോയി

എണ്‍പതുകളുടെ മധ്യത്തിലാണ് കേരളത്തില്‍ ടെലിവിഷന്‍ സെറ്റുകള്‍ സാധാരണക്കാരുടെ വീടുകളിലേക്ക് എത്താന്‍ തുടങ്ങിയത്. അങ്ങനെയിരിക്കെയാണ് 1986ല്‍ ലോകകപ്പ് ഫുട്ബോള്‍ വരുന്നത്. കേരളം പണ്ടേ കാല്‍പ്പന്തു കളിയുടെ പുറകെയാണ്. ലോകകപ്പിന്റെ ടെലികാസ്റ്റ് കാണാന്‍ അര്‍ദ്ധ രാത്രിയോളം ടിവിയുടെ മുമ്പില്‍ കുത്തിയിരിക്കാന്‍ അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് അവര്‍ ഡീഗോ മറഡോണയെ കാണുന്നത്. ലോകകപ്പ് അവസാനിക്കും മുമ്പേ അയാള്‍ അവരുടെ ഉള്ളില്‍ കൂടുകൂട്ടിക്കഴിഞ്ഞിരുന്നു. ആ കളി കണ്ടാല്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ ആരാ ആഗ്രഹിക്കാത്തത്.
കളിക്കളത്തില്‍ അയാള്‍ മാന്ത്രികനായിരുന്നു. അയാളുടെ ബൂട്ടില്‍ പന്ത് ഒട്ടിച്ചു വച്ചിരിക്കുകയാണെന്നേ തോന്നൂ. ഒരു ബാലെ നര്‍ത്തകനെപ്പോലെ പന്തുമായി പായുന്ന അഞ്ചര അടി പോലുമില്ലാത്ത ആ മനുഷ്യനെ ടാക്കിള്‍ ചെയ്ത് തള്ളിയിടുമ്പോഴൊക്കെ എതിര് ടീമിനെ ശപിച്ചു പോകുമായിരുന്നു.ഇംഗ്ളണ്ടിനെതിരായ ദൈവത്തിന്റെ ഗോളിനു ശേഷം പിറന്ന മറഡോണയുടെ മാന്ത്രിക ഗോള്‍ ഒരു പാഠപുസ്തകമാണ്
ബ്യൂണസ് അയേഴ്സിലെ തെരുവില്‍ നിന്ന് പതിനഞ്ചാം വയസ്സില്‍ പ്രൊഫഷല്‍ ഫുട്ബോളില്‍. 1977ല്‍ പതിനാറാം വയസ്സില്‍ ഹങ്കറിക്കെതിരെ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം. 79ല്‍ ആറ് ഗോളുമായി യൂത്ത് ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കി. നാല് ലോകകപ്പുകള്‍. 1986 ലോകകപ്പ് എന്നാല്‍ മറഡോണ എന്ന് ചരിത്രം അടയാളപ്പെടുത്തി.ഇംഗ്ലണ്ടിനെതിരെ ചെകുത്താനും ദൈവവുമായി നായകന്. അഞ്ചടി അഞ്ചിഞ്ച് മാത്രം നീളമുള്ള ഈ കുറിയ മനുഷ്യന്റെ വശ്യമായ ചുവടുകള്‍ക്ക് മുന്നില്‍ ഫുട്ബോള്‍ ലോകം തലകുനിച്ചു.
86ലെ മെക്സിക്കോ ലോകകപ്പില്‍ 53തവണയാണ് മറഡോണ ഫൗളിന് വിധേയനായത്. 90ല്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചു. 94 ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോഗത്തിന് പുറത്താക്കപ്പെട്ട് ദുരന്ത നായകനായി. 17 വര്‍ഷം നീണ്ട ഇതിഹാസ ജീവിതം. 91 മത്സരം. 34 ഗോളുകള്‍. അര്‍ജന്റീനയില്‍ റിവര്‍പ്ലേറ്റിന്റെയും സ്പെയ്നില്‍ റയല്‍ മാഡ്രിഡിന്റെയും ഇറ്റലിയില്‍ മിലാന് ക്ലബുകളുടേയും പണത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല. സാധാരണക്കാരിലേക്ക് വേരുകളാഴ്ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം.നാപ്പോളിയെ ശൂന്യതയില്‍ കൈപിടിച്ചുയര്‍ത്തി രണ്ടുതഴവണ ഇറ്റാലിയന്‍ ചാന്പ്യന്‍മാരാക്കി.
പക്ഷേ, പരിശീലകന്റെ കുപ്പായം ഒരിക്കലും ഇതിഹാസത്തിന് ഇണങ്ങിയില്ല. കുടുംബ ജീവിതവും പ്രണയവും കുത്തഴിഞ്ഞു. കളിക്കളത്തില്‍ പന്തുകൊണ്ട് കലഹിച്ച മറഡോണ പുറത്ത് വാക്കുകള്‍ കൊണ്ട് കലഹിച്ചു. നിയന്ത്രണമില്ലാത്ത പന്തുകള്‍ പോലെ വന്ന മൂര്‍ച്ചയേറിയ വാക്കുകളില്‍ പലര്‍ക്കും മുറിവേറ്റു. എന്നിട്ടും മറഡോണയോട് എന്നും എപ്പോഴും എല്ലാവരും പൊറുത്തു, സ്നേഹിച്ചു.
പെലെയോ മറഡോണയോ കേമന്‍. നൂറ്റാണ്ടിന്റെ ചോദ്യത്തെ മറഡോണ ഈ ഉത്തരത്തില്‍ കുരുക്കി. ലോകത്തെ ഏറ്റവും മികച്ചത് താനെന്ന് അമ്മ പറയുന്നു. അമ്മയെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറുപതാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് വിഷാദ രോഗത്തിന് ആശുപത്രിയിലായത്.
തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഒടുവില്‍ നവംബര്‍ 25ന് ഹൃദയാഘാതത്തിലൂടെ സമാനതകളില്ലാത്ത ഇതിഹാസ ജീവിതത്തിന് ലോംഗ് വിസില്‍.