മെഹ്റാജുദ്ദീൻ വാദു ഐ ലീഗ് ക്ലബ്ബായ റയൽ കശ്മീരിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. പ്രശസ്ത പത്രപ്രവർത്തകൻ മാർക്കസ് മെർഹുലോവയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കശ്മീർ സ്വദേശിയായ വാദു ഈ സീസണിലാണ് ക്ലബ്ബിന്‍റെ ചുമതല ഏറ്റെടുത്തത്.
സ്കോട്ടിഷ് കോച്ച് ഡേവിഡ് റോബർട്ട്സണ് പകരക്കാരനായാണ് വാദു കശ്മീരിലെത്തിയത്. ക്ലബ്ബിൽ മികച്ച തുടക്കമാണ് വാദുവിന് ലഭിച്ചത്. ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച കശ്മീർ ഒരു ഘട്ടത്തിൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു. എന്നാൽ തുടർച്ചയായ എവേ മത്സരങ്ങളിൽ കശ്മീർ തിരിച്ചടി നേരിട്ടു. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഒരു മത്സരം പോലും ജയിക്കാൻ കശ്മീരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വാദു സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന.
അഞ്ച് ജയവും 4 സമനിലയുമായി 19 പോയിന്റോടെ ഐ ലീഗിൽ ഏഴാം സ്ഥാനത്താണ് ക്ലബ്. അതേസമയം, പകരക്കാരനായി ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ഐ ലീഗ് സീസണിൽ സുദേവ ഡൽഹിയുടെ പരിശീലകനായിരുന്നു 38 കാരനായ വാദു.