കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശി സിദ്ദിഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷിബിലും ഫർഹാനയും പിടിയിലായത് ചെന്നെെയിൽ നിന്ന് ജംഷഡ്‌പുരിലേയ്ക്ക് കടക്കുന്നതിനിടെ. കഴിഞ്ഞ ദിവസം രാത്രി ചെന്നെെ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ ആർ പി എഫ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇവരുടെ കയ്യിൽനിന്ന് പൂട്ടിയ നിലയിലുള്ള ഒരു ട്രോളിബാഗും ഫർഹാനയുടെ പാസ്പോർട്ടും 16,000 രൂപയും കണ്ടെടുത്തതായാണ് റിപ്പോർട്ട്. എഗ്മൂറിൽ നിന്ന് ജംഷഡ്‌പുർ ടാറ്റാ നഗർ റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള ട്രെയിനിൽ പോകാനായിരുന്നു പ്രതികളുടെ പദ്ധതി. എഗ്മൂറിലെ വെയിറ്റിംഗ് റൂമിൽ ട്രെയിനിനായി കാത്തിരിക്കുകയായിരുന്ന ഇരുവരെയും ആർ പി എഫ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
സിദ്ദിഖിനെ കാണാതായ സംഭവത്തിൽ ഷിബിലിനും ഫർഹാനയ്ക്കും പങ്കുണ്ടെന്ന് തിരൂർ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബെെൽ ലോക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചെന്നെെയിലേയ്ക്ക് കടന്നതായി കണ്ടെത്തിയത്.
പിന്നാലെ ഇന്നലെ വെെകിട്ട് 5.45ഓടെ ഇതുസംബന്ധിച്ച് തിരൂർ പൊലീസ് ചെന്നെെ എഗ്മൂറിലെ ആർ പി എഫിന് വിവരം നൽകി. തുടർന്ന് ആർ പി എഫ് സംഘം നടത്തിയ പരിശോധനയിലാണ് രാത്രി ഏഴുമണിയോടെ ഇരുവരെയും പിടികൂടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ ആർ പി എഫ് സംഘം രണ്ടുപ്രതികളെയും തിരൂർ പൊലീസിന് കെെമാറുകയായിരുന്നു.