കൊച്ചി: കളമശേരിയിൽ പതിനാറുകാരനെ മർദ്ദിച്ച് ഇരുമ്പുവടികൊണ്ട് കൈ തല്ലി ഒടിക്കുകയും കത്രികകൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ അമ്മ വിടാക്കുഴ കാവിനു സമീപം അരിമ്പാറ വീട്ടിൽ രാജേശ്വരി (30), അമ്മൂമ്മ വളർമതി (49), അമ്മയുടെ സുഹൃത്ത് വയനാട് സുൽത്താൻബത്തേരി വഴുപ്പത്തൂർ ചാപ്പകൊല്ലി വീട്ടിൽ സുനീഷ് (32) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. കളമശ്ശേരി വിടാക്കുഴ രണ്ട് സെന്റ് കോളനിക്കടുത്തായി താമസിക്കുന്ന രാജേശ്വരിയാണ് മകനെ ക്രൂരമായി ആക്രമിച്ചത്. രാജേശ്വരിയും സുഹൃത്ത് രാജേഷും രാത്രി വീട്ടിൽ വച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. തുടർന്നാണ് രാജേശ്വരിയും അമ്മൂമ്മ വലർമതിയും പതിനാറുകാരനെ തല്ലിച്ചതച്ചത്. ഒരുകൈ തല്ലിയൊടിച്ചു.
ദേഹത്തും തോളിലും കമ്പി വടികൊണ്ട് തല്ലി. വാരിയെല്ലിന്റെ ഭാഗത്ത് കത്രിക കൊണ്ട് വരഞ്ഞു. കുട്ടിയുടെ ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ മർദ്ദനമേറ്റ് നീരുവന്ന നിലയിലുമാണ്. രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദനമേറ്റ പരിക്കാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാതാവിനെയും സുഹൃത്തിനെയും അമ്മൂമ്മയെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.