ധോണിയെ നിലനിർത്തും; മെഗാ ലേലത്തിനു മുന്‍പേ നയം പ്രഖ്യാപിച്ച് ചെന്നൈ

ധോണിയുടെ വിരമിക്കൽ മത്സരം ചെന്നൈയിൽത്തന്നെ

ധോണിയെ നിലനിർത്തും; മെഗാ ലേലത്തിനു മുന്‍പേ നയം പ്രഖ്യാപിച്ച് ചെന്നൈ

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) അടുത്ത വർഷത്തെ മെഗാ ലേലത്തിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയേക്കുമെന്ന് സൂചന. ചെന്നൈ ടീമിൻ്റെ ഉടമകളായ ഇന്ത്യാ സിമൻ്റ്സിൻ്റെ പ്രതിനിധിയാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നൽകിയത്. മെഗാ ലേലത്തിനു മുന്നോടിയായി ഓരോ ടീമുകൾക്കും വളരെ കുറച്ച് താരങ്ങളെ നിലനിർത്താൻ അവസരമുണ്ട്. ഈ അവകാശം ഉപയോഗിച്ച് ധോണിയെ വരും സീസണിലും നിലനിർത്തുമെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് നൽകുന്ന സൂചന.

ഇത്തവണ ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഒരു സീസണിൻ്റെ ഇടവേളയ്ക്കുശേഷം വീണ്ടും പ്ലേഓഫിൽ പ്രവേശിച്ചിരുന്നു. അതിനിടെ, അടുത്ത സീസണിലും താൻ ഐപിഎലിന് ഉണ്ടാകുമെന്ന് ധോണി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. 2022 സീസണിൽ ഐപിഎൽ ഇന്ത്യയിലേക്കു മടങ്ങിയെത്തുമ്പോൾ ചെന്നൈയിൽ കളിക്കുമെന്നും താരം സൂചിപ്പിച്ചു. ഇതിനു പിന്നാലെയാണ് ധോണിയെ ടീമിൽ നിലനിർത്തുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് പ്രതിനിധി വ്യക്തമാക്കിയത്.

‘ഞങ്ങൾ തീർച്ചയായും എം.എസ്. ധോണിയെ നിലനിർത്തും. അടുത്ത സീസണിലും ഒരുപക്ഷേ, അതിനുശേഷമുള്ള ഏതാനും സീസണുകളിലും അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. എന്തായാലും ആരാധകർക്ക് ധോണിയുടെ വിരമിക്കൽ മത്സരം ചെന്നൈയിൽത്തന്നെ കാണാം. അടുത്ത വർഷം ധോണി കളമൊഴിയുമെന്ന് ഉറപ്പു പറയാൻ കാരണങ്ങളൊന്നുമില്ല’ – ഇന്ത്യാ സിമന്റ്സ് പ്രതിനിധി പറഞ്ഞു.

ഇത്തവണ ടീമെന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്സ് മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്ററെന്ന നിലയിൽ ധോണിയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. ചെന്നൈ സൂപ്പർ കിങ്സ് 10 കളിക്കാരും ഒരു ക്യാപ്റ്റനും ഉൾപ്പെടുന്ന ടീമാണെന്ന് കമന്റേറ്റർ ആകാശ് ചോപ്ര പറഞ്ഞത് ഈ സാഹചര്യത്തിലാണ്.