ഹൽദ്വാനി(ഉത്തരാഖണ്ഡ്): ദേശീയ ഗെയിംസ് തുഴച്ചിൽ മത്സരങ്ങളിൽ മെഡൽ വാരി കേരളം. ഫൈനലിലെത്തിയ അഞ്ച് ഇനങ്ങളിൽ നിന്ന് ഓരോ സ്വർണവും വെങ്കലവും രണ്ട് വെള്ളിയും ലഭിച്ചു.
വനിത കൊക്സ് ലെസ് ഫോറിൽ റോസ് മരിയ ജോഷി, കെ.ബി വർഷ, പി.ബി അശ്വതി, വി.എസ് മീനാക്ഷി എന്നിവരടങ്ങിയ ടീം ജേതാക്കളായി.
വനിത ഡബിൾ സ്കള്ളിൽ ഗൗരിനന്ദ-സാനിയ കൃഷ്ണൻ, കോക്സ് ലെസ് പെയറിൽ വിജിന മോൾ-അലീന ആന്റോ സംഘങ്ങൾ വെള്ളിയും ക്വാഡ്രപ്പിൾ സ്കള്ളിൽ അന്ന ഹെലൻ ജോസഫ്, ഗൗരിനന്ദ, സാനിയ കൃഷ്ണൻ, അശ്വനി കുമാരൻ എന്നിവരടങ്ങിയ ടീം വെങ്കലവും നേടി. ഇതോടെ കേരളത്തിന് ആകെ ഒമ്പത് വീതം സ്വർണവും വെള്ളിയും ആറ് വെങ്കലവുമായി.
ദേശീയ ഗെയിംസ് ഫുട്ബാളിൽ കേരളം സ്വർണത്തിനരികെ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ അസമിനെ പെനൽറ്റി ഷൂട്ട് ഔട്ടിൽ തോല്പിക്കുകയായിരുന്നു. നിശ്ചിത സമയം മത്സരം ഗോൾ രഹിത സമനിലയിലായി. തുടർന്ന് ഷൂട്ട് ഔട്ടിൽ കേരള ഗോളി അൽകേഷ് രണ്ട് കിക്കുകൾ തടുത്തിട്ടു.
ഒന്ന് ക്രോസ് ബാറിലും തട്ടി. 3-2നായിരുന്നു ജയം. കേരളത്തിനായി അജയ് അലക്‌സും സച്ചിനും ബിജേഷും സ്‌കോർ ചെയ്തു. ഇന്ന് നടക്കുന്ന ഉത്തരാഖണ്ഡ്-ഡൽഹി രണ്ടാം സെമി വിജയികളെ വെള്ളിയാഴ്ച ഫൈനലിൽ നേരിടും.