പത്തനംതിട്ട; കണ്ണൂരില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിൻ്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയില്‍ എത്തിച്ചു. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, നവീൻ്റെ സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.
പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെൻ്റര്‍ ആശുപത്രിയിലേക്കാണ് നവീന്‍ ബാബുവിൻ്റെ മൃതദേഹം എത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നുമെന്നറിഞ്ഞ് ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കമുള്ളവര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു. ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. നാളെ രാവിലെ പത്ത് മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് ശേഷം മലയാലപ്പുഴയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
അതിനിടെ നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹതയേറുകയാണ്. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖ റിപ്പോർട്ടർ ടിവി പുറത്തു വിട്ടു. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ് പറയുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല. നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തൻ്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം.