വിവാഹമോചനം മാത്രമല്ല ഭാര്യ ചെയ്ത വീട്ടുജോലിക്ക് പ്രതിഫലവും നൽകണമെന്ന് ചൈനീസ് കോടതി

 പ്രതിമാസം 2000 യുവാന്‍ ജീവനാംശമായി നല്‍കാനും ഇതോടൊപ്പം 50,000 യുവാന്‍ വാങ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നല്‍കാനുമാണ് വിധി.ഈ വര്‍ഷം ചൈനയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ സിവില്‍ കോഡ് അനുസരിച്ചാണ് വിധി.

വിവാഹമോചനം മാത്രമല്ല ഭാര്യ ചെയ്ത വീട്ടുജോലിക്ക് പ്രതിഫലവും നൽകണമെന്ന് ചൈനീസ് കോടതി

ബെയ്ജിംഗ്; വിവാഹമോചനം എന്നത് ഒരു പുതിയ കാര്യമല്ല. അതോടൊപ്പം ഭാര്യയായിരുന്നവർക്ക് നഷ്ടപരിഹാരവും നൽകാറുണ്ട്. എന്നാലിതാ വിചിത്രമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ചൈനീസ് കോടതി. വിവാഹമോചനം നേടിയ ഭര്‍ത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നല്‍കണമെന്നായിരുന്നു.  നിര്‍ണായക വിധി. 50,000 യുവാന്‍ (5.57 ലക്ഷം രൂപ) നല്‍കണമെന്നാണ് ബെയ്ജിങ്ങിലെ ഫാങ്ഷാന്‍ ജില്ല കോടതി വിധി.


ചെന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നയാളാണ് തന്‍റെ ഭാര്യയായ വാങ്ങില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. 2015ലായിരുന്നു ഇവരുടെ വിവാഹം.

വിവാഹമോചനത്തിന് വാങ് തയാറല്ലായിരുന്നു. എന്നാല്‍, മതിയായ നഷ്ടപരിഹാരം നല്‍കിയാല്‍ വിവാഹമോചനത്തിന് ഒരുക്കമാണെന്ന് വാങ് സമ്മതിച്ചു. വീട്ടുജോലിക്കോ കുട്ടികളെ നോക്കുന്നതിലോ ഭര്‍ത്താവായ ചെന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.ഭാര്യയാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്തതെന്നും ഇത് പ്രതിഫലമില്ലാത്ത ജോലിയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. 

 പ്രതിമാസം 2000 യുവാന്‍ ജീവനാംശമായി നല്‍കാനും ഇതോടൊപ്പം 50,000 യുവാന്‍ വാങ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നല്‍കാനുമാണ് വിധി.ഈ വര്‍ഷം ചൈനയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ സിവില്‍ കോഡ് അനുസരിച്ചാണ് വിധി.

 പുതിയ നിയമപ്രകാരം, കുട്ടികളെ വളര്‍ത്തുന്നതിലും പ്രായമായ ബന്ധുക്കളെ പരിപാലിക്കുന്നതിലും പങ്കാളികളെ അവരുടെ ജോലിയില്‍ സഹായിക്കുന്നതിലും കൂടുതല്‍ ഉത്തരവാദിത്തം വഹിക്കുന്ന ഒരു പങ്കാളിയ്ക്ക് വിവാഹമോചനത്തില്‍ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്.ചൈനയില്‍ ഒരു വീട്ടമ്മ ദിവസം നാല് മണിക്കൂറിലേറെ വീട്ടുജോലിയിലേര്‍പ്പെടുന്നതായാണ് കണക്കാക്കുന്നത്. ഇത് പുരുഷനെ അപേക്ഷിച്ച്‌ രണ്ടര ഇരട്ടിയിലേറെ സമയമാണ്. വിധിയെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകളാണ് നടക്കുന്നത്.