സുരക്ഷാ ഭീഷണി: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ച് ന്യൂസിലാന്‍ഡ്

ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഉപേക്ഷിച്ചു.

സുരക്ഷാ ഭീഷണി: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ച് ന്യൂസിലാന്‍ഡ്

റാവല്‍പിണ്ടി: ഇന്ന് ആരംഭിക്കേണ്ടിയിരുന്ന ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഉപേക്ഷിച്ചു. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പരമ്ബരയില്‍ നിന്നും പിന്മാറിയത്. ന്യൂസിലാന്‍ഡ് താരങ്ങളുടെ സുരക്ഷയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡെന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പോലും മുഖവിലക്ക് എടുക്കാന്‍ ന്യൂസിലാന്‍ഡ് അധികൃതര്‍ തയ്യാറായില്ല.

പാകിസ്ഥാനിലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍ തലത്തില്‍ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇതിനെയും പാകിസ്ഥാനിലുള്ള തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായവും മാനിച്ച് ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിക്കുകയുമാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പത്രകുറിപ്പില്‍ അറിയിച്ചു. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിനായി എത്തിയത്.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി ട്വന്റി മത്സരങ്ങളുമാണ് ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരമ്ബരയിലെ ആദ്യ ഏകദിനം ഇന്ന് മൂന്ന് മണിക്ക് റാവല്‍പിണ്ടിയില്‍ ആരംഭിക്കാനിരിക്കെയായിരുന്നു പര്യടനം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പോലും യാത്ര തിരിച്ചില്ല. കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം നല്‍കിയതുമില്ലായിരുന്നു. ന്യൂസിലാന്‍ഡ് താരങ്ങള്‍ നിലവില്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.