മുംബെെ: ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിൻ്റെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്
സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. ടാറ്റ ട്രസ്റ്റിൻ്റെ കുടക്കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്.
നോയൽ ടാറ്റ തലപ്പത്ത് എത്തിയത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അംഗം ആർ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ‘വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ’ എന്നാണ് നോവലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
രത്തൻ ടാറ്റ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേയ്ക്ക് നോയൽ ടാറ്റയുടെ പേര് ഉയർന്നുവന്നിരുന്നു. അന്ന് നോവലിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിൽ രത്തൻ ടാറ്റയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.
കുടുംബത്തിനല്ല, പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്നായിരുന്നു ജീവിതകാലമത്രയും രത്തൻ ടാറ്റയുടെ സിദ്ധാന്തം. അർധസഹോദരൻ നോയൽ ടാറ്റയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റാൻ നോയൽ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു രത്തൻ ടാറ്റയുടെ പക്ഷം. എന്നാൽ, രത്തൻ ടാറ്റയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് ഒരു തലമുറ മാറ്റത്തിനുള്ള സാധ്യതകൾ ചിന്തിക്കുമ്പോൾ സ്വാഭാവികമായും ആദ്യ പേരുകാരൻ നോയൽ ടാറ്റ തന്നെയാകുമെന്നായിരുന്നു കോർപറേറ്റ് ലോകത്ത് അന്നുമുതലേയുള്ള വിലയിരുത്തൽ.