നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. പാലക്കാട് പ്രചാരണത്തിന് പോകാൻ ആരും വിളിച്ചിട്ടില്ലെന്നും പോകുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.
ഒരുപാട് വെള്ളം ഒഴുകിപ്പോകാനുണ്ട്. നമുക്ക് നോക്കാം. ഇത്തവണ താൻ സ്വയം മാറിയതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ താൻ വലിയവൻ അല്ല. ഇപ്പോ ഉള്ളവരാണല്ലോ തന്നേക്കാൾ വലുത്. പാട്ട് നിർത്താൻ സമയമായിട്ടില്ലെന്ന് അറിയാം. 2026ൽ നിയമസഭയിലേക്ക് മത്സരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് പോയി.
ഇനി 2029 ൽ പാർലമെന്റിലേക്ക് മത്സരിക്കും. മത്സരിക്കുന്നത് പാർട്ടിയും ആരോഗ്യവും അനുവദിച്ചാൽ മാത്രമാണ്. ആ സീറ്റ് സീനിയേഴ്‌സിന് ആണല്ലോ മുൻഗണന. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറയുന്നില്ല. പാലക്കാട് ബിജെപി നിയോജക മണ്ഡലം അല്ല. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയില്ലെന്നും അവർക്ക് ജയിക്കാനുള്ള വോട്ട് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു.