ജീവനും ജീവിതവും ആപ്പിലാക്കി ഓണ്‍ലൈന്‍ ചൂതാട്ടം; വല വിരിച്ച് വെബ്സൈറ്റുകള്‍

ജീവനും ജീവിതവും ആപ്പിലാക്കി ഓണ്‍ലൈന്‍ ചൂതാട്ടം; വല വിരിച്ച്  വെബ്സൈറ്റുകള്‍

ലോകം മുഴുവന്‍ ഡിജിറ്റലായതോടെ തട്ടിപ്പുകളും ഡിജിറ്റലായി. കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ ആളുകള്‍ തയ്യറാകുന്നതോടെ ആ സാഹചര്യം മുതലെടുത്ത് വിവിധ മാര്‍ഗങ്ങളിലൂടെ തട്ടിപ്പു സംഘങ്ങളും സജീവമായി. ഓണ്‍ലൈനിലൂടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിച്ചും, അപ്പുകളിലൂടെ പണം അടിച്ചെടുത്തതുമായ നിരവധി വാര്‍ത്തളാണ് ദിനംപ്രതി പുറത്തുവരുന്നത്. 


അക്കൂട്ടത്തില്‍ പ്രധാന തട്ടിപ്പുമാര്‍ഗമാണ് ഇന്ന് ഓണ്‍ലൈന്‍ ചൂതാട്ടം. ഗെയിമുകളിലൂടെ മാനസികമായി ആളുകലെ കീഴ്‌പ്പെടുത്തുകയും പണമിറക്കി കളിക്കാന്‍ പ്രേരിപ്പിക്കയും ചെയ്യുന്ന നിരവധി ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. ഓണ്‍ലൈന്‍ ആപ്പുകളും വെബ്സൈറ്റുകളും വഴിയാണ് ആളുകളെ പണംവെച്ചുള്ള ചീട്ടുകളിക്ക് പ്രേരിപ്പിക്കുന്നത്. 

റമ്മി സര്‍ക്കിള്‍, സില്‍ക്ക് റമ്മി, ജംഗിള്‍ റമ്മി, റമ്മി ഗുരു, റമ്മി കള്‍ച്ചര്‍, റമ്മി പാഷന്‍, എയ്സ് റമ്മി തുടങ്ങിയ ആപ്പുകള്‍ വഴിയാണ് പണം തട്ടുന്നത്. ഒരേ സമയം 50 രൂപ മുതല്‍ 50,000 രൂപവരെ നിക്ഷേപിച്ച് സ്മാര്‍ട്ട് ഫോണോ, കംപ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് കളിയില്‍ പങ്കാളിയാവുന്നതാണ് ഓണ്‍ലൈന്‍ ചൂതാട്ട രീതി. എ.ടി.എം. കാര്‍ഡ്, പണം അയക്കുന്ന ആപ്പുകള്‍  തുടങ്ങിയവ ഉപയോഗിച്ചാകും അളുകള്‍ കളിയില്‍ പണം നിക്ഷേപിക്കുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളാണ്  ഇത്തരത്തില്‍ നടക്കുന്നതെന്ന് പരാതിയുണ്ട്.സാമ്പത്തിക നഷ്ടം മാത്രമല്ല പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്കിരയായവര്‍ മാനഹാനി ഭയന്ന് ജീവനൊടുക്കുകയോ. മാനസിക നില തെറ്റുന്ന സ്ഥിതിയിലെത്തുകയോ ചെയ്യുന്നു.


വീട്ടിലും പൊതു സ്ഥലത്തും പണം വച്ചുള്ള ചീട്ടുകളി ഹൈക്കോടതി നിരോധിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് വലിയതോതിലുള്ള ചൂതാട്ടം നടക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ പെടാത്തതാണ് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകള്‍ തഴച്ചുവളരാന്‍ കാരണം. ആളുകള്‍ കൂടുതല്‍ സമയം ഇന്‍ര്‍നെറ്റില്‍ ചെലവഴിക്കാനിഷ്ടപ്പെടുന്നതും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തന്നെസമയം ചെലവഴിക്കാനിടയായതുമെല്ലാം ഓണ്‍ലൈന്‍ ചൂതാട്ടം തഴച്ചുവളരാന്‍ അനുകൂല   സാഹചര്യം നല്‍കുകയായിരുന്നു.


ആസാം,സിക്കിം,നാഗാലാന്റ്, ഒഡിഷ, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം ഗെയിമുകള്‍ നിരോധിച്ചിട്ടുണ്ട്. പലപ്പോഴും ആദ്യം കളിക്കാനായി ചേരുന്ന ആളുകള്‍ക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്താല്‍ പണം നല്‍കുമെന്ന വാഗ്ദാനത്തിലൂടെയാണ ഇത്തരം സംഘങ്ങള്‍  കണ്ണികളുണ്ടാക്കുന്നത്. ഒപ്പം കളിക്കുന്നവരാരെന്നു പോലും അറിയാതെയാണ് പലരും ചീട്ടുകളിയിലേര്‍പ്പെടുന്നത്. ആപ്പില്‍ ലഭ്യമായ ചീട്ടുകളുപയോഗിച്ച് നടക്കുന്ന കളിയായതിനാല്‍ ചതിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. പല സൈറ്റുകളിലും പണം നിക്ഷേപിച്ചയുടന്‍ നഷ്ടപ്പെടുന്നതരത്തിലാണ് പ്രോഗ്രാം സെറ്റ് ചെയ്തിരിക്കുന്നത്. ഗെയിം ആര്‍ക്ക് അനുകൂലമാകണമെന്നും സെറ്റ് ചെയ്തു വയ്ക്കാന്‍ കഴിയും.

ആളുകളെ ചൂതാട്ടത്തിലേക്കാകര്‍ഷിക്കാന്‍ ഇന്ന് പരസ്യങ്ങളും ഉണ്ട്. ഒണ്‍ലൈനിലൂടെ തന്നെ റമ്മി വെബ്‌സൈറ്റുകളുടെ പരസ്യങ്ങള്‍ നിരവധിയാണ്. റമ്മികലിച്ച് പണം നേടിയതും, വന്‍ നേട്ടങ്ങളിലൂടെ ഉയരങ്ങലിലെത്തിയ അനുഭവകഥയുമായാണ് ആളുകള്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏതൊരു സാധാരണക്കാരനും ഒന്നു ഭ്രമിച്ചുപോയേക്കാവുന്ന പരസ്യങ്ങളാകും അതില്‍ പലതും. 

എത്ര കടുത്ത ജോലിത്തിരക്കിനിടയില്‍ ഈ പരസ്യങ്ങള്‍ ഇടക്കിടെ ഉയര്‍ന്ന് വന്ന് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഒന്നു റിലാക്‌സ് ചെയ്യനാലോചിച്ചാകും പലരും റമ്മി ആപ്പുകല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എന്നാല്‍ പിന്നീട് അത് ശീലമാകുന്നു. ഒടുവില്‍ മാനസികമായി കീഴ്‌പ്പെട്ടുകഴിഞ്ഞാല്‍ ആളുകള്‍ക്ക് സ്വയം നിയന്ത്രിക്കാനും കഴിയണമെന്നില്ല.

പലപ്പോഴും ആവേശത്തോടെ കളി തുടരുന്നതിനനുസരിച്ച് അക്കൗണ്ട് കാലിയാക്കുകയും ചെയ്യുന്നു. ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങളും കോടികളും വരെ നഷ്ടമായവര്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട് പണമെറിഞ്ഞ് പണം വാരാനുള്ള തിടുക്കത്തില്‍ അവര്‍ മറ്റുവഴികളെക്കുറിച്ച് ആലോചിച്ചെന്നും വരില്ല. അത്തരത്തില്‍ ചൂതാട്ടത്തിനായി പണം കണ്ടെത്തുന്നതിനായി പലരും സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലാകുമ്പോളാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത്.