Monday, May 29, 2023
spot_img
HomeNewsഅരിക്കൊമ്പനെ പിടികൂടാൻ വിപുലമായ ഒരുക്കം: 144 പ്രഖ്യാപിക്കും,24ന് മോക്ഡ്രില്‍

അരിക്കൊമ്പനെ പിടികൂടാൻ വിപുലമായ ഒരുക്കം: 144 പ്രഖ്യാപിക്കും,24ന് മോക്ഡ്രില്‍

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാൻ തയാറെടുപ്പുകൾ ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന അഞ്ചംഗ വാച്ചർമാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അരിക്കൊമ്പനെ കെണിയിലാക്കാനുള്ള തുടർ നീക്കങ്ങൾ.

അരിക്കൊമ്പനെ പിടികൂടാനായുള്ള കുങ്കിയാനകളിൽ ഒന്നിനെ ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ എത്തിച്ചു. വയനാട്ടിൽ നിന്നുള്ള സൂര്യൻ എന്ന ആനയെയാണ് എത്തിച്ചിരിക്കുന്നത്. വയനാട് ആർആർടി റെയ്ഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ഒപ്പമുണ്ട്. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളും അടുത്ത ദിവസം എത്തും. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു.

‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും സി.സി.എഫ്. ആര്‍.എസ്. അരുണിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. 25-ന് ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന് മോക്ഡ്രില്‍ നടത്തും. വ്യത്യസ്ത ടീമുകള്‍ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നുള്ള നിര്‍ദേശം ആ സമയത്ത് നല്‍കും.

ആനയെ പിടിക്കുന്നതിന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 71 പേരും, സുരേന്ദ്രന്‍, കുഞ്ചു, സൂര്യ എന്നീ കുങ്കിയാനകളുമെത്തും. വിക്രം എന്ന കുങ്കിയാനയെ എത്തിച്ചുകഴിഞ്ഞു. രണ്ടുദിവസത്തിനകം ദൗത്യസംഘത്തിലെ മുഴുവന്‍ ആളുകളും എത്തുമെന്നാണ് കരുതുന്നത്. വനം, റവന്യൂ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പു കളും വൈദ്യുതി ബോര്‍ഡും ദൗത്യത്തിലുണ്ട്. 25-ന് ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ 144 പ്രഖ്യാപിക്കും. ചിന്നക്കനാല്‍ വിലക്ക്, ബി. എല്‍. റാം ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കും.

301 കോളനി, സിങ്കുകണ്ടം പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സുരക്ഷിതരായി പരീക്ഷാകേന്ദ്രങ്ങ ളിലെത്തിക്കും. അങ്കണവാടികള്‍ക്കും ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്കും അവധി നല്‍കും. ജനത്തിരക്ക് ഒഴിവാക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കി. രണ്ട് ആംബുലന്‍സുകള്‍ ഉള്‍പ്പെടുന്ന വൈദ്യസഹായ സംഘം, അഗ്‌നിരക്ഷാസേന എന്നിവയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

25-ന് പുലര്‍ച്ചെ നാലിന് ദൗത്യം ആരംഭിക്കും. 11-ന് മുമ്പ് ആനയെ മയക്കു വെടിവെയ്ക്കും. അന്ന് പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ പിറ്റേദിവസവും ദൗത്യംതുടരും. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങളിലെത്തി മാത്രമേ മയക്കുവെടിവെയ്ക്കൂ. കാഴ്ചക്കാരെയോ, വീഡിയോ വ്‌ലോഗര്‍മാരെയോ ഈ ഭാഗത്തേക്ക് വിടില്ല. പിടികൂടിയാല്‍ അടിമാലിവഴി കോടനാട്ടേക്ക് കൊണ്ടുപോകും. സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, ഡി.എഫ്.ഒ. രമേഷ് ബിഷ്‌ണോയ്, എ.സി.എഫ്. ഷാന്‍ട്രി ടോം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments