ലോസ് ആഞ്ജലസ്: 97ാമത് ഓസ്കർ അന്തിമ നാമനിർദേശ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യക്ക് നിരാശ. ആദ്യഘട്ട പട്ടികയിലുണ്ടായിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾ പുറത്തായി. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘അനുജ’ മാത്രമാണ് ഇന്ത്യയിൽനിന്ന് ഇടംപിടിച്ചത്. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയുമാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ.
ലോസ് ആഞ്ജലസ് കാട്ടുതീയെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ച ഓസ്‌കര്‍ നോമിനേഷന്‍ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. 24 വിഭാഗങ്ങളിലെ നോമിനേഷനാണ് ലോസ് ആഞ്ജലസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അധികൃതര്‍ പുറത്തുവിട്ടത്. സ്പാനിഷ് ചിത്രമായ എമിലിയ പെരസും ഹോളിവുഡ് ഫാന്റസി സിനിമയായ വീക്കെഡുമാണ് ഏറ്റവും കുടുതൽ നോമിനേഷൻ നേടിയത്. എമിലിയ പെരസ് 13 വിഭാഗങ്ങളിൽ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. ഒരു ഇംഗ്ലീഷ് ഇതര സിനിമക്ക് ഓസ്കറിൽ ഇത്രയും നോമിനഷേൻ ലഭിക്കുന്നത് ഇതാദ്യമായാണ്.
കോൺക്ലേവ്, ബ്രുട്ടലിസ്റ്റ്, അനോറ തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡറും അഭിനയ വിഭാഗത്തിൽ പട്ടികിയിലുണ്ട് -എമിലിയ പെരസിലെ ‘നായിക’ കർല സോഫിയ.
ഇന്ത്യയുടെ നോമിനിയായ അനൂജ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഇടം നേടിയത്. വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയേപ്പറ്റി പറയുന്ന അനൂജ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജ പറയുന്നത്. മാർച്ച് രണ്ടിനാണ് അവാർഡ് പ്രഖ്യാപിക്കുക.