കോഴിക്കോട്: നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടാണ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്തത് പോലുമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടി കാര്യമായ നടപടി എടുക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഉന്നതരുടെ പരിരക്ഷ ദിവ്യയ്ക്ക് കിട്ടുന്നു. പിന്നില്‍ എംവി ഗോവിന്ദന്‍ ആയത് കൊണ്ടാണിത്. ദിവ്യയുടെ ബിനാമി ഇടപാടുകളില്‍ എംവി ഗോവിന്ദൻ്റെ പങ്ക് വ്യക്തമാക്കണം. പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കണം.
എഡിഎമ്മിൻ്റെ മരണം കൊലപാതകം തന്നെയാണ്. പാര്‍ട്ടി എന്തിനാണ് ദിവ്യയ്ക്ക് നിയമസഹായം നല്‍കിയത്. കണ്ണൂര്‍ കളക്ടറെ കേസില്‍ പ്രതി ചേര്‍ക്കണം. ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. സംഭവത്തില്‍ ബിജെപി സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.